വിമാനം മാറി അയച്ചു; കാനഡയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: എയർ ഇന്ത്യയുടെ മണ്ടൻ തീരുമാനത്തിൽ യാത്രക്കാർക്ക് പണികിട്ടി. കാനഡയിലേക്ക് യാത്രാ അനുമതിയില്ലാത്ത വിമാനമാണ് എയർ ഇന്ത്യ അയച്ചത്. ഇതോടെ യാത്രാമധ്യേ വിമാനം തിരിച്ചിറക്കേണ്ടി വന്നു. ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ട AI185 വിമാനമാണ് മണിക്കൂറോളം ആകാശത്ത് ചെലവഴിച്ച ശേഷം തിരികെ ഡൽഹിയിൽ തന്നെ ഇറങ്ങിയത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഒഴിവാക്കാൻ കിഴക്കൻ റൂട്ടിലൂടെ സഞ്ചരിച്ച വിമാനം നാല് മണിക്കൂറുകളോളം പറന്ന് ചൈനീസ് വ്യോമമേഖലയിൽ എത്തിയപ്പോഴാണ് അധികൃതർക്ക് അബദ്ധം പിണഞ്ഞത് തിരിച്ചറിഞ്ഞത്. കാനഡയിലേക്ക് സർവീസ് നടത്താൻ എയർ ഇന്ത്യയുടെ ബോയിംഗ് 777-300 ഇആർ (Boeing 777-300ER) വിമാനങ്ങൾക്ക് മാത്രമാണ് നിലവിൽ അനുമതിയുള്ളത്. എന്നാൽ ബോയിംഗ് 777-200 എൽആർ (Boeing 777-200LR) വിമാനമാണ് എയർ ഇന്ത്യ യാത്രയ്ക്കായി ഉപയോഗിച്ചത്. ഇതോടെയാണ് വിമാനം തിരിച്ചിറക്കിയത്.
വ്യാഴാഴ്ച രാവിലെ 11.34-നാണ് വിമാനം ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരം 7.19നാണ് തിരികെ ലാൻഡ് ചെയ്തത്. വെള്ളിയാഴ്ച മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ തിരിച്ചയച്ചത്.










0 comments