print edition ഇന്ത്യയില്‍ അസമത്വം ഏറ്റവും തീവ്രം ; സമ്പത്തിന്റെ 40 ശതമാനവും ഒരു ശതമാനം പേര്‍ കൈക്കലാക്കി

മുംബൈ
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടുരന്നുവെന്ന് വെളിപ്പെടുത്തി 2026ലെ ലോക അസമത്വ റിപ്പോർട്ട്-. ഒരു ശതമാനം ഇന്ത്യക്കാര്‍ രാജ്യത്തിന്റെ സമ്പത്തിന്റെ 40 ശതമാനവും കൈക്കലാക്കിയെന്ന് വേൾഡ് ഇൻഇക്വാലിറ്റി ലാബ് പുറത്തിറക്കിയ റിപ്പോർട്ടില്‍ പറയുന്നു. ഇന്ത്യയിലെ തീവ്രമായ അസമത്വം സമീപവർഷങ്ങളിലൊന്നും കാര്യമായി മാറിയിട്ടില്ല. മേല്‍ത്തട്ടിലുള്ള പത്തുശതമാനത്തിന്റെയും താഴെത്തട്ടിലുള്ള 50 ശതമാനത്തിന്റെയും വരുമാനത്തിലെ അന്തരം 2014-നും 2024-നും ഇടയിൽ സ്ഥിരമായി തുടരുന്നു. ഏറ്റവും സമ്പന്നരായ പത്തു ശതമാനംപേർ മൊത്തം സമ്പത്തിന്റെ ഏകദേശം 65 ശതമാനം കൈക്കലാക്കി. ഉയർന്ന വരുമാനമുള്ള 10 ശതമാനം പേർ ദേശീയ വരുമാനത്തിന്റെ 58ശതമാനത്തോളം കൈക്കലാക്കി. ഏറ്റവും താഴെയുള്ള 50 ശതമാനത്തിന് ലഭിക്കുന്നത് വെറും 15 ശതമാനം.
ഇന്ത്യയില്‍ സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്തം 15.7 ശതമാനം മാത്രം. പത്തുവര്‍ഷത്തിനിടെ ഇക്കാര്യത്തില്‍ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. "വരുമാനം, സമ്പത്ത്, ലിംഗഭേദം എന്നീ മാനദണ്ഡങ്ങളിൽ ഇന്ത്യയിലെ അസമത്വം ആഴത്തിൽ വേരൂന്നിയിരിക്കുന്നു. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിലെ ഘടനാപരമായ അന്തരമാണ് ഇത് തുറന്നുകാട്ടുന്നത്.’
ആഗോളതലത്തിൽ 60,000- ശതകോടീശ്വരന്മാർ ലോകത്തെ മൊത്തം മനുഷ്യരിൽ ഏറ്റവും താഴെക്കിടയിലുള്ള അമ്പത് ശതമാനം പേര്‍ ഒരുമിച്ച് കൈവശം വയ്‌ക്കുന്നതിനേക്കാള്‍ മൂന്നിരട്ടി സമ്പത്ത് ആര്‍ജിച്ചിരിക്കുന്നു. ലോകത്തിലെ മിക്കവാറും എല്ലാ മേഖലയിലും മേല്‍ത്തട്ടിലുള്ള ഒരു ശതമാനം പേര്‍ താഴെത്തട്ടിലുള്ള 90 ശതമാനം പേര്‍ സ്വരൂപിച്ചതിനേക്കാള്‍ കൂടുതൽ സമ്പത്ത് ആര്‍ജിച്ചു.










0 comments