print edition വനിതാസംവരണ നിയമ ഭേദഗതി; കേന്ദ്രത്തിന്റെ തിടുക്കം ചോദ്യങ്ങൾ ഉയർത്തുന്നു: ജോൺ ബ്രിട്ടാസ്


സ്വന്തം ലേഖകൻ
Published on Apr 13, 2026, 12:00 AM | 1 min read
ന്യൂഡൽഹി : പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിൽ തിടുക്കത്തിൽ പാർലമെന്റ് വിളിച്ചുചേർത്ത് വനിതാസംവരണ നിയമഭേദഗതി പാസാക്കാനുള്ള മോദിസർക്കാരിന്റെ നീക്കം ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് സിപിഐ എം രാജ്യസഭാകക്ഷി നേതാവ് ജോൺ ബ്രിട്ടാസ്. 2023ൽ വനിതാസംവരണ നിയമം പാസാക്കിയ അവസരത്തിൽ തന്നെ അതിനെ സെൻസസുമായും മണ്ഡല പുനർനിർണയവുമായും കൂട്ടിക്കെട്ടിയ കേന്ദ്രസർക്കാർ നീക്കത്തെ പ്രതിപക്ഷം ചോദ്യംചെയ്‌തിരുന്നു. വനിതാസംവരണം നീട്ടിക്കൊണ്ടുപോകേണ്ട കാര്യമില്ലെന്നും സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ അത് ഉടൻ നടപ്പാക്കാൻ കഴിയുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ, അന്ന് ആ ഉപദേശത്തിന് ചെവികൊടുക്കാത്ത സർക്കാർ ഇപ്പോൾ രണ്ട് സംസ്ഥാനങ്ങളിൽ നിർണായക തെരഞ്ഞെടുപ്പ് നടക്കുന്ന മുഹൂർത്തത്തിൽ തിടുക്കത്തിൽ പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്ത് പ്രധാനപ്പെട്ട നിയമഭേദഗതികൾ പാസാക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പാർലമെന്റ് സമ്മേളനം ചേരാമെന്നും അതിന് മുന്പ് എന്തെല്ലാം ഭേദഗതികളാണ് കൊണ്ടുവരാൻ പോകുന്നതെന്ന വിശദാംശങ്ങൾ കൈമാറണമെന്നും പ്രതിപക്ഷ കക്ഷികൾ സംയുക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതൊന്നും പരിഗണിക്കാതെ 16 മുതൽ പാർലമെന്റ് ചേരാനാണ് തീരുമാനം.
വനിതാസംവരണ നിയമഭേദഗതിക്ക് ഒപ്പം മറ്റ് ചില പ്രധാനപ്പെട്ട ഭേദഗതികളും സർക്കാർ കൊണ്ടുവരുന്നുണ്ട്. 50 ശതമാനം സീറ്റുകൾ ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വർധിപ്പിക്കാൻ വേണ്ടിയുള്ള ഭേദഗതി ഇതിൽ ഉൾപ്പെടുന്നു. ഇൗ ഭേദഗതി നടപ്പായാൽ കേരളത്തിലെ 20 സീറ്റ് 30 സീറ്റായി വർധിക്കും. 80 സീറ്റുള്ള ഉത്തർപ്രദേശിൽ അത് 120 ആയി ഉയരും. വലിയ രാഷ്ട്രീയപാർടികൾക്ക് സ്വാധീനമുള്ള തട്ടകങ്ങളിലെ സീറ്റുകൾ ഗണ്യമായി വർധിക്കുന്പോൾ ചെറിയ കക്ഷികളുടെ പ്രസക്തി ഇല്ലാതാകും. ഇന്ത്യയുടെ വൈവിധ്യമാർന്ന രാഷ്ട്രീയ സംസ്‌കാരത്തിൽ പോറലുകൾ വീഴും. സംസ്ഥാനങ്ങളെകൂടി പ്രതികൂലമായി ബാധിക്കുന്ന വിഷയമാണിത്. ഇങ്ങനെ നിരവധി തലങ്ങളുള്ള വിഷയമായമായതിനാലാണ് തിടുക്കത്തിൽ നിയമഭേദഗതി പാസാക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്നും ബ്രിട്ടാസ് വിശദീകരിച്ചു.










0 comments