ആറ് പെൺമക്കൾ, കടുത്ത സാമ്പത്തിക ബുദ്ധിമുട്ട്; ഇളയ കുഞ്ഞിനെ അമ്മ ഓടയിലെറിഞ്ഞ് കൊന്നു

ഫരീദാബാദ്: ഫരീദാബാദിൽ കുഞ്ഞിനെ ഓടയിലെറിഞ്ഞ് കൊന്നത് അമ്മയെന്ന കണ്ടെത്തൽ. വ്യാഴാഴ്ച ധീരജ് നഗറിന് സമീപം 18 മാസം പ്രായമുള്ള കുഞ്ഞിനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓടയിലെ ഇരുമ്പ് വലയിൽ കുടുങ്ങിയ നിലയിൽ രണ്ട് സ്കൂൾ കുട്ടികളാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ബിഹാർ മധുബാനി സ്വദേശിനിയായ നീലം എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ ഭർത്താവിനൊപ്പം ഫരീദാബാദിലാണ് താമസം. കുടുംബത്തിലെ കടുത്ത ദാരിദ്ര്യമാണ് കുഞ്ഞിനെ കൊന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
തനിക്ക് ആറ് പെൺമക്കളുണ്ടെന്നും അവരെ വളർത്താൻ സാമ്പത്തികമായി കഴിയില്ലെന്നുമുള്ള മാനസിക വിഷമത്തിലാണ് കുറ്റകൃത്യം ചെയ്തതെന്ന് ഇവർ മൊഴി നൽകി. കൊല്ലപ്പെട്ടത് ഇവരുടെ ആറാമത്തെ മകളാണ്. കുഞ്ഞിനെയുമെടുത്ത് പ്രദേശത്തേക്ക് പോകുന്നതും പിന്നീട് തനിയെ മടങ്ങിവരുന്നതുമായ സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
വെള്ളത്തിൽ വീണ കുഞ്ഞ് മുങ്ങിമരിക്കുകയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.










0 comments