നാഗർകോവിലിൽ ട്രെയിൻ കോച്ചിനുള്ളിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം അഴുകിയ നിലയിൽ

നാഗർകോവിൽ: തമിഴ്നാട്ടിലെ നാഗർകോവിൽ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ കോച്ചിനുള്ളിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ കന്യാകുമാരി സ്വദേശി അയ്യപ്പനെ (31) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 50 വയസ്സുണ്ടെന്നാണ് പൊലീസ് നിഗമനം.
നവംബർ 14ന് പുലർച്ചെ 12.30ഓടെയാണ് സംഭവം. അഞ്ചാം പ്ലാറ്റ്‌ഫോമിന് സമീപത്തുനിന്ന സ്ത്രീയെ പ്രതി ബലമായി പിടിച്ചുകൊണ്ടുപോയി ഭിന്നശേഷിക്കാർക്കായുള്ള ഒഴിഞ്ഞ കോച്ചിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്യുകയും ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
നവംബർ 18ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. അറ്റകുറ്റപ്പണിക്കായി യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ അവസാന കോച്ചിലെ സീറ്റിനടിയിൽനിന്നാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.








0 comments