പെൻഷൻ വാങ്ങാൻ അമ്മായിയമ്മയെ തോളിലേറ്റി നടന്ന് മരുമകൾ; ഡിജിറ്റൽ ഇന്ത്യക്കെതിരെ വ്യാപക വിമർശനം

അമ്മായിയമ്മയെ തോളിലേറ്റി നടക്കുന്ന മരുമകള്‍ (Photo: India Today)
റായ്പുർ: ക്ഷേമപെൻഷൻ വാങ്ങാൻ 90കാരിയായ അമ്മായിയമ്മയെ തെളിലേറ്റി മരുമകൾ നടന്നത് ഒമ്പത് കിലോമീറ്ററോളം. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലാണ് സംഭവം. മെയിൻപാറ്റ് മേഖലയിലെ സുഖ്മാനിയ ബായ് എന്ന സ്ത്രീയാണ് 1500 രൂപ പെൻഷൻ തുക കൈപ്പറ്റാനായി കിടപ്പുരോഗിയായ ഭർതൃമാതാവിനെ ചുമലിലേറ്റി പൊരിവെയിലിൽ ചൂടിനെ വകവെയ്ക്കാതെ നടന്നത്.
ബാങ്കിൽ നേരിട്ടെത്തി വിരലടയാളം പതിപ്പിച്ചാൽ മാത്രമേ പെൻഷൻ തുക ലഭിക്കൂ എന്ന നിബന്ധനയെ തുടർന്നാണ് ഈ തീരുമാനം എടുത്തതെന്ന് സുഖ്മാനിയ പറയുന്നു. പ്രദേശത്ത് ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വയോധികയെ ചുമന്നുകൊണ്ട് നടക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല. പെൻഷൻ തുക കൈപ്പറ്റാനായി മാസങ്ങളായി തങ്ങൾ ഇങ്ങനെയാണ് പോകുന്നതെന്നും സുഖ്മാനിയ പറയുന്നു. ഇതല്ലാതെ മറ്റൊരു വഴിയില്ലെന്നും സുഖ്മാനിയ കൂട്ടിച്ചേർത്തു.
വനമേഖലയായ ഇവിടെ ഗതാഗത സൗകര്യങ്ങളുടെ കുറവ് കാരണം, അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ദുർഘടമായ പാതകളിലൂടെയും അരുവികളിലൂടെയും കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിക്കാൻ ഗ്രാമവാസികൾ പലപ്പോഴും നിർബന്ധിതരാകുന്നുവെന്ന് നാട്ടുകാരും വെളിപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്ത്യയിലെ ഉൾഗ്രാമങ്ങളിലെ ക്ഷേമ പദ്ധതികളുടെ വിതരണത്തിന്റെ യഥാർഥ അവസ്ഥയാണ് ഈ ദൃശ്യങ്ങൾ തുറന്നു കാണിക്കുന്നതെന്ന് സോഷ്യൽമീഡിയ പറയുന്നു. ഡിജിറ്റൽ ഇന്ത്യയെന്നും സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുമെന്നും സർക്കാർ അവകാശപ്പെടുമ്പോഴും ഉൾനാടൻ ഗ്രാമങ്ങളിലെ ജനങ്ങൾ ഇപ്പോഴും അടിസ്ഥാന ആവശ്യങ്ങൾക്കായി കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്നത് ദയനീയ കാഴ്ചയാണെന്നും സോഷ്യൽമീഡിയ വിമർശിക്കുന്നു.










0 comments