രണ്ട് ചുമമരുന്നുകളെ കുറിച്ച് കൂടി ഡബ്ല്യു എച്ച് ഓ മുന്നറിയിപ്പ്

ന്യൂഡൽഹി: തമിഴ്നാട്ടിലെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെതിന് പുറമെ രണ്ട് ചുമമരുന്നുകളെ കുറിച്ച് കൂടി മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രാസമാലിന്യം കലർന്ന മൂന്ന് ഓറൽ ലിക്വിഡ് മരുന്നുകൾ എന്ന വിവരണത്തോടെയാണ് മുന്നറിയിപ്പ് പ്രസിധീകരിച്ചത്.
ശ്രീശൻ ഫാർമസ്യൂട്ടിക്കൽ, റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസ്, ഷേപ്പ് ഫാർമ എന്നിവ നിർമ്മിക്കുന്ന COLDRF, Respifresh TR, ReLife എന്നീ മരുന്നുകളാണ് അറിയിപ്പിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്.
മധ്യപ്രദേശിൽ ചുമമരുന്ന് കഴിച്ചതിനെ തുടർന്ന് 22 കുട്ടികൾ മരിച്ചു. ഉത്പാദന പ്രക്രിയയിലെ ജാഗ്രത കുറവ് മൂലം ഹാനികരമായ രാസവസ്തു ഉരുത്തിരിഞ്ഞു എന്നായിരുന്നു കണ്ടെത്തൽ. ഇതിന് തുടർച്ചയായാണ് ഔഷധങ്ങളെ കുറിച്ച് മുന്നറിയിപ്പ്. ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് തമിഴ്നാട് സർക്കാർ അടച്ച് പൂട്ടിച്ചു.
രാസമലിനീകരണത്തിന് വിധേയമായ ഈ മരുന്നുകളുടെ വിതരണ ശൃംഖലകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തിക്കൊണ്ട് ജനങ്ങളിൽ എത്തുന്നത് തടയാൻ ഇന്ത്യൻ നാഷണൽ റെഗുലേറ്ററി അതോറിറ്റികൾക്ക് (NRA) നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് യുഎൻ ഏജൻസി വ്യക്തമാക്കി. പ്രത്യേകിച്ച് 2024 ഡിസംബർ മുതൽ ഉത്പാദിപ്പിക്കുന്ന ബാച്ചുകളിലാണ് (Medical Product Alert N°5/2025) ശ്രദ്ധ ആവശ്യപ്പെട്ടത്.
Related News
മലിനമായതായി കണ്ടെത്തിയ ഈ മരുന്നുകളൊന്നും ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തിട്ടില്ലെന്നാണ് അധികാരികൾ ലോകാരോഗ്യ സംഘടനയ്ക്ക് മറുപടി നൽകിയിട്ടുള്ളത്. ജലദോഷം, പനി ചുമ എന്നിവയുടെ ലക്ഷണങ്ങൾ ഒഴിവാക്കാൻ സാധാരണയായി ഉപയോഗിക്കുന്ന കുപ്പിമരുന്നുകളാണ് ഇവ.
2025 ഒക്ടോബർ 8 ന് ഇന്ത്യയിലെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) കുറഞ്ഞത് മൂന്ന് ഓറൽ ലിക്വിഡ് മരുന്നുകളിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (DEG) സാന്നിധ്യം റിപ്പോർട്ട് ചെയ്തതായി WHO പ്രസ്താവനയിൽ ചൂണ്ടികാട്ടി.
ഡൈത്തിലീൻ ഗ്ലൈക്കോൾ ഓറൽ ലിക്വിഡ് മരുന്നുകളിൽ കലരുന്നത് സുരക്ഷിതമല്ല. പ്രത്യേകിച്ച് കുട്ടികളിൽ അവയുടെ ഉപയോഗം ആന്തരികാവയവങ്ങളിൽ ഗുരുതരമായ പരിക്കുകൾക്കോ മരണത്തിനോ കാരണമായേക്കാം. വയറുവേദന, ഛർദ്ദി, വയറിളക്കം, മൂത്രമൊഴിക്കാൻ കഴിയാത്തത്, തലവേദന, മാനസികാവസ്ഥയിലെ മാറ്റം, മരണത്തിലേക്ക് നയിച്ചേക്കാവുന്ന ഗുരുതരമായ വൃക്ക തകരാറ് എന്നിവ വിഷ ഫലങ്ങളിൽ ഉൾപ്പെടാം.
മരുന്ന് കഴിക്കുമ്പോൾ ഉണ്ടാവുന്ന ഇത്തരം അനുഭവങ്ങൾ ദേശീയ നിയന്ത്രണ അതോറിറ്റികളിലോ ദേശീയ ഫാർമകോവിജിലൻസ് സെന്ററിലോ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടു.











0 comments