ഉപഭോക്താക്കളുടെ വിവരങ്ങൾ കൈമാറുന്നില്ല; സുപ്രീംകോടതിയിൽ നിലപാടറിയിച്ച് വാട്‌സാപ്പ്

ന്യൂഡൽഹി: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി പങ്കുവെക്കുന്നില്ലെന്ന് വാട്‌സാപ്പ് സുപ്രീംകോടതിയെ അറിയിച്ചു. മെറ്റയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി വിവരങ്ങൾ പങ്കുവെക്കുന്നു എന്ന ആരോപണം ശരിയല്ലെന്നും സ്വകാര്യതയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും വാട്‌സാപ്പിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വ്യക്തമാക്കി.
വാട്‌സാപ്പിന്റെ 2021-ലെ പരിഷ്‌കരിച്ച സ്വകാര്യതാ നയം വിപണിയിലെ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്യുന്നതാണെന്ന് കണ്ടെത്തി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 213.14 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ വാട്‌സാപ്പ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്.
ഡാറ്റാ ഷെയറിംഗുമായി ബന്ധപ്പെട്ട ദേശീയ കമ്പനി നിയമ അപ്പീൽ ട്രൈബ്യൂണലിന്റെ നിർദ്ദേശങ്ങൾ 2026 മാർച്ച് 16-നകം പൂർണ്ണമായും പാലിക്കുമെന്നും വാട്‌സാപ്പ് കോടതിയിൽ ഉറപ്പുനൽകി. ഉപഭോക്താക്കളുടെ അനുമതിയില്ലാതെ വിവരങ്ങൾ കൈമാറുന്നത് 'മാന്യമായ രീതിയിലുള്ള മോഷണം' ആണെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിരീക്ഷിച്ചിരുന്നു.
കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിക്കാൻ മെറ്റയെയും വാട്‌സാപ്പിനെയും അനുവദിക്കില്ലെന്നും കോടതി ആവർത്തിച്ചു. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വിപണിയിലെ മത്സരസാധ്യതകൾ കൂടി കണക്കിലെടുക്കണമെന്ന് സിസിഐ കോടതിയിൽ ആവശ്യപ്പെട്ടു.











0 comments