ad
Deshabhimani

ഉത്തരേന്ത്യയിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും; ജാഗ്രതാ നിർദ്ദേശം

Snowfall.jpg
വെബ് ഡെസ്ക്

Published on Apr 05, 2026, 12:57 PM | 1 min read

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നു. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച തുടരുമ്പോൾ ഡൽഹി ഉൾപ്പെടെയുള്ള സമതല പ്രദേശങ്ങളിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയുമാണ് റിപ്പോർട്ട് ചെയ്യുന്നത്.


ഏപ്രിൽ 10 വരെ ഈ അവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജമ്മു കശ്മീരിലെയും ഹിമാചലിലെയും ഉയർന്ന മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൻതോതിൽ പുതിയ മഞ്ഞ് വീണത് ഗതാഗത തടസ്സത്തിന് കാരണമായി. ലഹോൾ-സ്പിതി, കുളു മേഖലകൾ മഞ്ഞിൽ പുതഞ്ഞു കിടക്കുകയാണ്.


അതേസമയം ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ ശക്തമായ കാറ്റോടു കൂടിയ മഴയാണ് അനുഭവപ്പെടുന്നത്. ഡൽഹിയിൽ ശനിയാഴ്ച രാത്രി വൈകിയും മഴ തുടർന്നു. ഇത് താപനില ഗണ്യമായി കുറയാൻ കാരണമായി. കൊയ്ത്തിന് പാകമായ ഗോതമ്പ് കൃഷി വ്യാപകമായി നശിക്കുന്നത് കർഷകരെ ആശങ്കയിലാക്കുന്നു.


പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ഗോതമ്പ് കർഷകർക്കും രാജസ്ഥാനിലെ ജീരകം, ഇസബ്ഗോൾ കർഷകർക്കും കനത്ത സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആലിപ്പഴ വീഴ്ചയും ശക്തമായ കാറ്റും വിളകളെ പാടങ്ങളിൽ വീഴ്ത്തി.


വരും ദിവസങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ ഷിംല ഉൾപ്പെടെ അഞ്ച് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചു. ഏപ്രിൽ 7, 8 തീയതികളിൽ ഉത്തരേന്ത്യയിൽ വീണ്ടും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.


കനത്ത മഴയെത്തുടർന്ന് മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾക്കും പ്രാദേശികവാസികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home