print edition മുർഷിദാബാദ് തിരിച്ചുപിടിക്കാൻ ഇടതുമുന്നണി

ഗോപി
Published on Apr 20, 2026, 12:00 AM | 1 min read
കൊൽക്കത്ത: പൂജയും ഈദുമെല്ലാം ഹിന്ദുക്കളും മുസ്ലിങ്ങളും കൈകോർത്ത് ആഘോഷിച്ചിരുന്നു മുർഷിദാബാദിൽ. അന്ന് ഇടതുപക്ഷമായിരുന്നു മുർഷിദാബാദിനെ നയിച്ചത്. ജാതി, മത ചിന്തകൾക്കതീമായി നിലകൊണ്ടിരുന്ന മണ്ണിൽ ഒരു വർഗീയ കക്ഷിക്കും വേരോട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. വ്യാജപ്രചാരണങ്ങളിലൂടെ ഇടതുപക്ഷ ഭരണത്തെ മമതയുടെ നേതൃത്വത്തിൽ തൃണമൂൽ അട്ടിമറിച്ചപ്പോൾ മുർഷിദാബാദിന്റെ മതനിരപേക്ഷതയ്ക്കും ക്ഷതമേറ്റു. തൃണമൂലും ബിജെപിയും രാഷ്ട്രീയ ലാഭത്തിനായി നടത്തുന്ന കരുനീക്കങ്ങൾ ഇന്ന് ജനങ്ങളിൽ വർഗീയ വിദ്വേഷം വളർത്തുന്നു. വീണ്ടുമൊരു നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മുർഷിദാബാദിന്റെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണ് സിപിഐ എമ്മും ഇടതുമുന്നണി നടത്തുന്നത്.
ബംഗ്ലാദേശുമായി അതിർത്തിപങ്കിടുന്ന ജില്ലയിൽ 70 ശതമാനവും മുസ്ലിം വിഭാഗത്തിൽപ്പട്ടവരാണ്. കൃഷി, കരകൗശലം, ബീഡി തെറുപ്പ് എന്നിവയാണ് പ്രധാന തൊഴിൽ. എസ്‌ഐആറിനുശേഷം പശ്ചിമ ബംഗാളിൽ ഏറ്റവും കൂടുതൽ ആളുകൾ വോട്ടർപ്പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടത് മുർഷിദാബാദ് ജില്ലയിലാണ്. ഏഴു ലക്ഷത്തിലധികം പേരുകളാണ് വെട്ടിയത്. ഏറിയപങ്കും ന്യൂനപക്ഷങ്ങളുടേതാണ്.
മുർഷിദാബാദിൽ ആകെ 22 സീറ്റാണുള്ളത്. ഇടതുമുന്നണി എല്ലാ സീറ്റിലും മത്സരിക്കുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ധ്രുബ് ജ്യോതി സാഹ ഖാർഗ്രാം മണ്ഡലത്തിൽ ജനവിധി തേടുന്നു. തൃണമൂലാണ് മുഖ്യഎതിരാളി. ജില്ലയിൽ കാര്യമായ സ്വാധീനം ഇല്ലെങ്കിലും ബിജെപിയും രംഗത്തുണ്ട്. കോൺഗ്രസിനും എല്ലായിടത്തും സ്ഥാനാർഥികളുണ്ട്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് മുതലെടുക്കാൻ തൃണമൂലിൽനിന്ന് പുറത്തായ ഹുമയൂൺ കബീറിനെ ഉപയോഗിച്ച് ബിജെപി തന്ത്രങ്ങൾ മെനയുന്നു. മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കാൻ ബിജെപി 1000 കോടി രൂപ തനിക്ക് വാഗ്ദാനം നൽകിയതായി കബീറിന്റേതായി പ്രചരിക്കുന്ന വീഡിയോ പുറത്തുവന്നു. ഏപ്രിൽ 23ന് ആദ്യഘട്ടമാണ് വോട്ടെടുപ്പ്.
കേരള മാതൃകയും ചർച്ച
ജില്ലയിൽനിന്ന് ആയിരക്കണക്കിനാളുകളാണ് കേരളത്തിൽ ജോലി ചെയ്യുന്നത്. കേരളത്തിൽ തങ്ങൾക്ക് ലഭിക്കുന്ന വേതനവും സംരക്ഷണവും ഇവിടെ വലിയ ചർച്ചയാണ്. കേരളത്തിൽനിന്ന് തിരികെ എത്തിയ നിരവധിപേർ സിപിഐ എമ്മിന്റെ തെരഞ്ഞടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ്. ബംഗാളിലും ഇടതുമുന്നണി അധികാരത്തിൽ എത്തിയാൽ കേരളത്തിലെ പോലെ തൊഴിലും വേതനവും സുരക്ഷയും ലഭിക്കുമെന്ന പ്രതീക്ഷയാണ് അവർക്കുള്ളത്.










0 comments