പാളിപ്പോയ 'മേക്ക് ഇൻ ഇന്ത്യ'
ഇറക്കുമതി കുറയ്‌ക്കാതെ ഇന്ത്യക്ക് രക്ഷയില്ല; പ്രതിസന്ധിയിൽ ഉല്പാദനമേഖല

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ ആഗോള വിതരണ ശൃംഖലയിൽ തടസം സൃഷ്ടിക്കുന്നതിനാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്ക് കടക്കുകയാണ്.
ഊർജം, വളം, ഇലക്ട്രോണിക്സ് തുടങ്ങി സകല മേഖലകളിലും വിദേശ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ ദുർബലപ്പെടുത്തുകയാണ്. ആഗോള വിപണിയിലെ തിരിച്ചടികൾ നേരിടാൻ തദ്ദേശീയമായി ഉൽപാദന ശേഷി വർധിപ്പിക്കുക മാത്രമാണ് രാജ്യത്തിന് മുന്നിലുള്ള പോംവഴിയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ അസംസ്കൃത എണ്ണ ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഗ്യാസിന്റെ കാര്യത്തിലാകട്ടെ ഇത് 50 ശതമാനത്തിലധികമാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ ഉണ്ടാകുന്ന നേരിയ വർധനവ് പോലും ഇന്ത്യയിൽ ഉൽപാദനച്ചെലവ് വർധിപ്പിക്കാനും ചരക്ക് കൂലി ഉയരാനും കാരണമാകുന്നു.
അസംസ്കൃത എണ്ണവില ബാരലിന് 10 ഡോളർ വർധിക്കുന്നത് രാജ്യത്തിന്റെ ഇറക്കുമതി ബില്ലിൽ 14 ബില്യൺ ഡോളറിന്റെ ബാധ്യതയുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് പണപ്പെരുപ്പം വർധിപ്പിക്കുകയും സാധാരണക്കാരന് ബാധ്യതയാവുകയും ചെയ്യുന്നു.
സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസുകളിലേക്ക് രാജ്യം വേഗത്തിൽ മാറേണ്ടതുണ്ട്. 2030ഓടെ 500 ജിഗാവാട്ട് ഊർജം ഫോസിൽ ഇതര സ്രോതസുകളിൽ നിന്ന് ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യം കൈവരിച്ചാൽ മാത്രമേ വിദേശ എണ്ണക്കമ്പനികളുടെ ചൂഷണത്തിൽ നിന്ന് മോചനം നേടാനാവൂ.
കാർഷിക ഉല്പന്നങ്ങളുടെ കയറ്റുമതിയിൽ നേട്ടമുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഭക്ഷ്യ എണ്ണ, പരിപ്പുവർഗ്ഗങ്ങൾ, വളം എന്നിവയുടെ കാര്യത്തിൽ ഇന്ത്യ ഇന്നും വിദേശ രാജ്യങ്ങളെ ആശ്രയിക്കുകയാണ്. ഇന്ത്യയിലെ എണ്ണക്കുരു ഉല്പാദനത്തിന്റെ 44 ശതമാനം ആഭ്യന്തര ആവശ്യത്തിന് മാത്രമാണ് ഉപയോഗപ്പെടുന്നത്.
വളം മേഖലയിലെ ഇറക്കുമതി കുറക്കാൻ ബദൽ ജൈവവളങ്ങൾ വ്യാപകമാക്കുകയും ആഭ്യന്തര ഉല്പാദനം വർധിപ്പിക്കുകയും വേണം. വിദേശ വിപണികളിലെ മാറ്റങ്ങൾ ഗ്രാമീണ മേഖലയെയും കർഷക ജീവിതത്തെയും ബാധിക്കുന്നത് തടയാൻ തദ്ദേശീയമായ ഭക്ഷ്യസുരക്ഷാ പദ്ധതികൾ അടിയന്തരമായി നടപ്പിലാക്കണം.
ഇന്ത്യൻ ജിഡിപിയുടെ ഏകദേശം 19 ശതമാനവും ഇറക്കുമതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. മരുന്നു നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ (API) 70 ശതമാനവും ചൈനയിൽ നിന്നാണ് എത്തുന്നത്. അതുപോലെ ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ മേഖലകളിലും ഈ വിദേശ ആശ്രിതത്വം തുടരുന്നു. ഏതെങ്കിലും കാരണവശാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള വിതരണം തടസപ്പെട്ടാൽ രാജ്യത്തെ ഉല്പാദന മേഖല സ്തംഭിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
കോപ്പർ, ലിഥിയം, കോബാൾട്ട് തുടങ്ങിയ ലോഹങ്ങളുടെ വിതരണം ചുരുക്കം ചില ആഗോള ശക്തികളുടെ കെെയിൽ ഒതുങ്ങുന്നതിനാൽ ഇലക്ട്രിക് വാഹന രംഗത്തെയും ഇലക്ട്രോണിക്സ് മേഖലയെയും ബാധിക്കുന്നുണ്ട്.
വെറും അസംബ്ലിങ് കേന്ദ്രങ്ങളായി മാറുന്നതിന് പകരം ഉല്പന്നങ്ങളുടെ പ്രധാന ഭാഗങ്ങൾ ഇന്ത്യയിൽ തന്നെ നിർമിക്കുന്ന തരത്തിൽ വ്യവസായ നയം മാറേണ്ടതുണ്ട്. ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾ വൈവിധ്യവൽക്കരിക്കുകയും സാമ്രാജ്യത്വ ശക്തികളുടെ സമ്മർദത്തിന് വഴങ്ങാത്ത രീതിയിൽ വിപണി കണ്ടെത്തുകയും വേണം. വ്യവസായ മേഖലയിൽ പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി കുറക്കാനുള്ള നീക്കങ്ങൾക്ക് കേന്ദ്ര സർക്കാർ മുൻഗണന നൽകണം.
ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുന്നുവെന്ന അവകാശവാദം ശക്തമായി ഉയർത്തുന്നതിനിടയിലാണ് ഈ പ്രതിസന്ധികൾ. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047ൽ വികസിത രാജ്യമായി മാറുമെന്നാണല്ലോ കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ, 2024–- -25 വർഷത്തെ സാമ്പത്തിക സർവേ പറയുന്നത് അടുത്ത 20 വർഷത്തിൽ ശരാശരി 8 ശതമാനം വളർച്ച നിരക്ക് കൈവരിച്ചാൽ മാത്രമേ വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ കഴിയൂ എന്നാണ്.
രാജ്യത്തെ ആഗോള നിർമ്മാണ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2014ൽ നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് 'മേക് ഇൻ ഇന്ത്യ'. എന്നിട്ടും രാജ്യം ഇപ്പോഴും മറ്റു രാഷ്ട്രങ്ങളെ ആശ്രയിക്കുന്നുവെന്നതാണ് യാഥാർഥ്യം.
എല്ലാം കമ്പോളത്തിന് വിട്ടുകൊടുത്ത് 1991 മുതൽ ആരംഭിച്ച നവലിബറൽ സാമ്പത്തികനയമാണ് ഇന്നും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് അടിസ്ഥാനം. കോൺഗ്രസ് തുടങ്ങിയ ഈ നയം ബിജെപി ശക്തിയായി നടപ്പാക്കുകയാണ്. ജനദ്രോഹനയങ്ങൾ തിരുത്തി സാമ്പത്തികരംഗത്തെ മുന്നേറ്റത്തിന് കേന്ദ്ര സർക്കാർ പ്രധാന്യം കൊടുക്കുമോയെന്ന് കണ്ടറിയണം.










0 comments