print edition നാം ഇന്ത്യ; പുതുചരിത്രമായി ഇന്ത്യ കൂട്ടായ്‌മയുടെ മഹാറാലി


എം അഖിൽ
Published on Nov 02, 2026, 12:30 AM | 2 min read
ന്യൂഡൽഹി: ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാൻ പ്രതിജ്‌ഞചെയ്‌ത ജനലക്ഷങ്ങളുടെ പ്രക്ഷോഭാഗ്‌നിയിൽ രാജ്യതലസ്ഥാനത്തെ സിംഹാസനങ്ങൾ വിറച്ചു. ഓരോ വോട്ടും സംരക്ഷിച്ച് ഇന്ത്യയെ ബിജെപിയിൽനിന്ന് മോചിപ്പിക്കുമെന്ന വിളംബരമായി ഇന്ത്യ കൂട്ടായ്‌മയുടെ മഹാറാലി ജനമുന്നേറ്റത്തിന്റെ പുതുചരിത്രമെഴുതി.
രാംലീല മൈതാനിയിൽ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ (വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ) റാലിയിൽ ജനസാഗരമിരന്പിയെത്തി. തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്‌ക്കുംവരെ സന്ധിയില്ലാ സമരവുമായി മുന്നോട്ടുപോകുമെന്ന് ഇന്ത്യ കൂട്ടായ്‌മ പ്രഖ്യാപിച്ചു.
വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ ആയിരങ്ങൾ ഞായർ പുലർച്ചെ മുതൽ സമരഭൂമിയിലേക്ക് ഒഴുകി. പകൽ പന്ത്രണ്ടോടെ രാംലീല മൈതാനിയും പരിസരവും നിറഞ്ഞുകവിഞ്ഞു. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഒത്തുചേർന്ന് ഇരുനൂറിലധികം എംപിമാർ ബസുകളിലെത്തി. രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിയ ഇന്ത്യ കൂട്ടായ്‌മ നേതാക്കൾ തുറന്ന വാഹനങ്ങളിൽ മിന്റോ റോഡിലെത്തി.
ആദ്യ വാഹനത്തിൽ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഫാറൂഖ് അബ്‌ദുള്ള, പ്രിയങ്കാഗാന്ധി, മമതാബാനർജി, തേജസ്വി യാദവ് തുടങ്ങിയവർ ജനങ്ങളെ അഭിവാദ്യംചെയ്‌തു. പതിനായിരങ്ങൾ അകന്പടിയായി പദയാത്ര നടത്തി. നാല് കിലോമീറ്റർ താണ്ടാൻ രണ്ടര മണിക്കൂറെടുത്തു. പകൽ 12ന് തുടങ്ങുമെന്ന് അറിയിച്ച പൊതുയോഗം മൂന്നര മണിക്കൂർ വൈകി. നേതാക്കൾ വേദിയിലേക്ക് എത്തിയതോടെ ജനസാഗരം ബഹുവർണങ്ങളിലുള്ള കൊടികൾ വീശി ആർത്തിരന്പി. മുദ്രാവാക്യങ്ങൾ രാംലീലാ മൈതാനിയെ പ്രകന്പനം കൊള്ളിച്ചു.
എം എ ബേബി, ദീപാങ്കർ ഭട്ടാചാര്യ, മല്ലികാർജുൻ ഖാർഗെ, തേജസ്വി യാദവ്, അഖിലേഷ് യാദവ്, മമതാ ബാനർജി, ഫറൂഖ് അബ്‌ദുള്ള, മെഹ്‌ബൂബ മുഫ്‌തി, രാഹുൽ ഗാന്ധി, അഞ്‌ജലി ഭരദ്വാജ്, അഡ്വ. പ്രശാന്ത് ഭൂഷൺ, വിജൂ കൃഷ്‌ണൻ, നേഹ ബോറ എന്നിവർ സംസാരിച്ചു. സോണിയ ഗാന്ധി, ബൃന്ദ കാരാട്ട്, പ്രിയങ്ക ഗാന്ധി, അരുന്ധതി റോയ്, ഐഷി ഘോഷ്, പ്രകാശ് രാജ്, കപിൽ സിബൽ, എംപിമാരായ കെ രാധാകൃഷ്‌ണൻ, അമ്രാറാം, ജോൺ ബ്രിട്ടാസ്, എ എ റഹിം, വി ശിവദാസൻ, ആർ സച്ചിദാനന്ദം, മുഖ്യമന്ത്രിമാരായ വി ഡി സതീശൻ, രേവന്ത് റെഡ്ഡി, സുഖുവിന്ദർ സിങ് സുഖു തുടങ്ങിയവർ പങ്കെടുത്തു.








0 comments