അസമിലും പുതുച്ചേരിയിലും കനത്ത പോളിങ്; വോട്ടെടുപ്പ് പൂർത്തിയായി

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അസമിലും പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്കുകൾ പ്രകാരം പുതുച്ചേരിയിൽ 89.83 ശതമാനവും അസമിൽ 85.38 ശതമാനവും വോട്ട് രേഖപ്പെടുത്തി. 2021-ലെ 82.04 ശതമാനത്തേക്കാൾ ഉയർന്ന പോളിംഗ് ഇത്തവണ അസമിൽ ഉണ്ടായത്.
അസമിലെ 126 മണ്ഡലങ്ങളിലായി നടന്ന ഒറ്റഘട്ട വോട്ടെടുപ്പിൽ 722 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ദൽഗാം മണ്ഡലത്തിൽ റെക്കോർഡ് പോളിംഗ് (94.57%) രേഖപ്പെടുത്തിയപ്പോൾ അമ്രിയിലാണ് ഏറ്റവും കുറഞ്ഞ (70.40%) വോട്ടിംഗ് നടന്നത്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കടുത്ത രാഷ്ട്രീയ ആരോപണങ്ങളും നിയമനടപടികളും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. 35 ജില്ലകളിലായി സജ്ജീകരിച്ച 31,490 പോളിംഗ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് സമാധാനപരമായാണ് അവസാനിച്ചത്.
മൂന്നാം തവണയും വിജയം പ്രതീക്ഷിക്കുന്ന ബിജെപിയും ശക്തമായ തിരിച്ചുവരവിന് കോൺഗ്രസും പ്രതീക്ഷവെയ്ക്കുന്ന അസമിൽ ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. ഇത്തവണ അസമിൽ കോൺഗ്രസ് – ബിജെപി രാഷ്ട്രീയ പ്രത്യരോപണങ്ങളും അതിരൂക്ഷമായിരുന്നു. ബി ജെ പിയും ആർ എസ് എസും വിഷസർപ്പങ്ങളാണെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പ്രസ്താവനയിൽ ബി ജെ പി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.










0 comments