വോട്ടേഴ്സ് ഐഡി- ആധാർ ബന്ധിപ്പിക്കൽ: സാങ്കേതിക പരിശോധനകൾ ഉടനെന്ന് ഇസിഐ

ന്യൂഡൽഹി : സുപ്രീംകോടതിയുടെ നിർദേശങ്ങളും നിയമവും അനുസരിച്ചാണ് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുകയെന്ന് ഇലക്ഷൻ കമീഷൻ അറിയിച്ചു. ഇതിനായുള്ള സാങ്കേതിക പരിശോധനകൾ യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും ഇലക്ഷൻ കമീഷനും ഉടൻ ആരംഭിക്കുമെന്നും ഇസി പറഞ്ഞു.
വോട്ടേഴ്സ് ഐഡി- ആധാർ ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷൻ കമീഷൻ ഓഫീസർ ഗ്യാനേഷ് കുമാർ, കേന്ദ്രമന്ത്രി, ലെജിസ്ലേറ്റീവ് സെക്രട്ടറി, യുഐഡിഎഐ സിഇഒ, നിർവചൻ സദനിലെ സാങ്കേതിക വിദഗ്ധർ എന്നിവർ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
ആർട്ടിക്കിൾ 326 പ്രകാരം ആധാർ എന്നത് ഒരു വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താനായി ഉള്ള ഉപാധിയാണ്. വോട്ടവകാശം എന്നത് ഇന്ത്യൻ പൗരൻമാർക്ക് മാത്രം നൽകി വരുന്നതുമാണ്. അതിനാൽ തന്നെ ഭരണഘടനയിലെ ആർട്ടിക്കിൾ 326, 1950ലെ റെപ്രസന്റേഷൻ ഓഫ് പീപ്പിൾ ആക്ടിലെ സെക്ഷൻ 23(4), 23(6) എന്നിവയും സുപ്രീംകോടതി തീരുമാനവും പരിഗണിച്ചാവും ബന്ധിപ്പിക്കൽ നടപടികൾ എന്നാണ് ഇസി വ്യക്തമാക്കുന്നത്. ഇതിനായുള്ള സാങ്കേതിക പരിശോധനകൾ ഉടൻ ആരംഭിക്കുമെന്നും ഇസി വ്യക്തമാക്കി.
ആധാർ- വോട്ടേഴ്സ് ഐഡി ബന്ധിപ്പിക്കൽ നടപടികൾ തുടരുകയാണെന്നും എന്നത്തേക്ക് പൂർത്തീകരിക്കുമെന്ന് വ്യക്തമല്ലെന്നും കേന്ദ്രം പാർലമെന്റിൽ പറഞ്ഞിരുന്നു. എന്നാൽ ആധാറുമായി വോട്ടേഴ്സ് ഐഡി ബന്ധിപ്പിക്കാത്തവർ തിരഞ്ഞെടുപ്പ് ലിസ്റ്റിൽ നിന്ന് പുറത്തുപോകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.











0 comments