ഐഎസ്ആർഒ ആസ്ഥാനത്തിന് നേരെയുണ്ടായ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയിൽ

ബെംഗളൂരു: ഐഎസ്ആർഒ ആസ്ഥാനമായ ബെംഗളൂരുവിലെ അന്തരീക്ഷ ഭവന് നേരെ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സാങ്കേതിക പരിശോധനകളിലൂടെയും ഡിജിറ്റൽ തെളിവുകൾ പിന്തുടർന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
വ്യാഴാഴ്ചയാണ് ന്യൂ ബെൽ റോഡിലുള്ള ഐഎസ്ആർഒ ആസ്ഥാനത്തേക്ക് ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിൽ സന്ദേശം എത്തിയത്. സന്ദേശം ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.
സ്ഫോടകവസ്തുക്കളോ സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താത്തതിനെത്തുടർന്ന് ഇതൊരു വ്യാജ ഭീഷണിയാണെന്ന് സ്ഥിരീകരിച്ചു. ഐഎസ്ആർഒ ആസ്ഥാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയിൽ സഞ്ജയനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പ്രത്യേക പൊലീസ് സംഘം നടത്തിയ ഡിജിറ്റൽ ഫോറൻസിക് പരിശോധനയിൽ ഭീഷണി സന്ദേശം അയച്ചത് ഗാസിയാബാദിൽ നിന്നാണെന്ന് കണ്ടെത്തി.
തുടർന്ന് പ്രതിയെ പിടികൂടുകയും സന്ദേശം അയക്കാൻ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണം കണ്ടെടുക്കുകയും ചെയ്തു. പ്രതി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.










0 comments