'ഞങ്ങളുടെ കൂടെ കളിച്ചും ചിരിച്ചും പോയവര്‍'; ഐആര്‍ഐഎസ് ദേന തകര്‍ത്തതിന്‍റെ ഞെട്ടലില്‍ വിശാഖപട്ടണത്തുകാര്‍

ഇറാനിൽ നിന്നുള്ള നാവിക ഉദ്യോഗസ്ഥർ, വിശാഖപട്ടണത്തെ പര്യടനത്തിനിടെ ഗ്ലാസ് പാലത്തിൽ ഫോട്ടോ ഷൂട്ടിനായി നിൽക്കുന്നു.
മുംബൈ: യുഎസ് അന്തര്‍വാഹിനി, ഇന്ത്യയില്‍ നാവികാഭ്യാസം നടത്തി തിരിച്ചുപോയ ഇറാനിയന്‍ യുദ്ധക്കപ്പല്‍ ഐആര്‍ഐഎസ് ദേന തകര്‍ത്തതിന്റെ ഞെട്ടലിലാണ് വിശാഖപട്ടണത്തുകാര്‍. ഐആര്‍ഐഎസ് ദേന എന്ന കപ്പലിലെ ഉദ്യോഗസ്ഥരും നാവികരും ആ നഗരത്തിന് ഏറെ പ്രിയപ്പെട്ടവരായിരുന്നു.
പ്രശസ്തമായ കൈലാസഗിരി ഉൾപ്പെടെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ അവർ സന്ദർശിച്ചിരുന്നു. അവർ പാർക്കിലും ഗ്ലാസ് സ്കൈവാക്ക് പാലത്തിലും വെച്ച് നാട്ടുകാർക്കൊപ്പം നിരവധി സെൽഫികളും ഫോട്ടോകളും എടുത്തിരുന്നതായി നഗരവാസികൾ പറയുന്നു. കൂടാതെ ഉദ്യോഗസ്ഥർ ഷോപ്പിംഗ് മാളുകള്‍ സന്ദർശിച്ച് സുവനീറുകളും പുരാവസ്തുക്കളും വാങ്ങിയിരുന്നതായും അവർ സങ്കടത്തോടെ ഓർത്തെടുക്കുന്നു.
ഈ വാർത്ത കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി എന്നാണ് ഒരു നഗരവാസി പ്രതികരിച്ചത്. 'ദിവസങ്ങൾക്ക് മുമ്പ്, ബീച്ച് റോഡിൽ നടന്ന പരേഡിനിടെ ഇറാനിയൻ നാവികസേനാ ഉദ്യോഗസ്ഥരോടൊപ്പം ഞാൻ ചിത്രങ്ങൾ എടുത്തിരുന്നു, അവർ വളരെ സൗഹൃദപരവും സന്തോഷവാന്മാരുമായിരുന്നു. പെട്ടെന്ന് ഇത്തരമൊരു കാര്യം സംഭവിച്ചുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ്' - അദ്ദേഹം പറയുന്നു.
ആഴ്ചകള്‍ക്ക് മുന്‍പാണ് ഐആര്‍ഐഎസ് ദേന ഇന്ത്യയില്‍ വന്ന് നാവികാഭ്യാസത്തില്‍ പങ്കെടുത്തത്. കൂടാതെ 2024ല്‍ നടന്ന മിലാന്‍ ബഹുരാഷ്ട്ര നാവികാഭ്യാസത്തിലും ദേന പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ നിന്നും ഇറാനിലേക്ക് തിരിച്ചുപോകുന്നതിനിടെയായിരുന്നു ആക്രമണം.
ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന രാജ്യാന്തര ഫ്ലീറ്റ് റിവ്യൂവിലും മിലൻ നാവികാഭ്യാസത്തിലും പങ്കെടുത്ത് മടങ്ങുകയായിരുന്ന കപ്പലിനെ ശ്രീലങ്കൻ തീരത്ത് വെച്ചാണ് യുഎസ് അന്തർവാഹിനി ആക്രമിച്ചത്. വെള്ളത്തില്‍ നിന്നും ഉപയോഗിക്കാവുന്ന മിസൈലായ ടോര്‍പിഡോ ഉപയോഗിച്ചാണ് യുഎസ് അന്തർവാഹിനി ഇറാനിയന്‍ കപ്പല്‍ ആക്രമിച്ചത്.
യുഎസ് ആക്രമണത്തിൽ, ഇറാനിയന്‍ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേനയിലെ തൊണ്ണൂറോളം പേർ കൊല്ലപ്പെട്ടതായായിരുന്നു റിപ്പോർട്ട്. കപ്പലിൽ 180 പേരാണ് ഉണ്ടായിരുന്നത്.










0 comments