വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണം; ഡിണ്ടിഗലിൽ നിരാഹാര സമരം

ടിവികെയെ അനുകൂലിച്ച് ഡിണ്ടിഗലിൽ നിരാഹാര സമരം നടത്തുന്നവർ(Photo: PTI)
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിണ്ടിഗലിൽ വനിതാ പ്രവർത്തകർ നിരാഹാര സമരം നടത്തി. അനുമതി നൽകിയില്ലെങ്കിൽ മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്നായിരന്നു ആഹ്വാനം. ശരണ്യ, വളർമതി എന്നീ ടിവികെ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഭൂരിപക്ഷം തെളിയിക്കാൻ വിജയ്‌ക്ക് 15 ദിവസത്തെ സമയം അനുവദിക്കണമെന്നും ജനാധിപത്യപരമായ രീതിയിൽ അദ്ദേഹത്തെ അധികാരമേൽക്കാൻ ക്ഷണിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ല. 234 അംഗ നിയമസഭയിൽ 118 പേരുടെ പിന്തുണ വേണമെന്നിരിക്കെ, 108 സീറ്റുകൾ നേടിയ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ബിജെപിയുടെ താൽപ്പര്യത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ രൂപീകരണത്തിന് ബോധപൂർവം താമസം വരുത്തുകയാണെന്നും വിമർശനമുണ്ട്.
5 എംഎൽഎമാരുള്ള കോൺഗ്രസ് ടിവികെയെ പിന്തുണയ്ക്കുന്നുണ്ട്. ഇതോടെ സഖ്യത്തിന്റെ ആകെ അംഗബലം 113 ആയി. എങ്കിലും കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയ്ക്ക് 5 സീറ്റുകൾ കൂടി ഇനിയും ആവശ്യമാണ്. തമിഴ്‌നാട്ടിൽ ഒരു പുതിയ മതനിരപേക്ഷ സർക്കാർ രൂപീകരിക്കുന്നതിനായി സിപിഐ, സിപിഐ എം, വിസികെ തുടങ്ങിയ പാർടികളുടെ പിന്തുണ തേടി വിജയ് കത്തയച്ചിട്ടുണ്ട്. പാർടികളുടെ അന്തിമ തീരുമാനം ടിവികെയുടെ രാഷ്ട്രീയ ഭാവിക്ക് നിർണായകമാകും.










0 comments