അണ്ണാ ഡിഎംകെയിൽ ഭിന്നത വര്‍ധിക്കുന്നു, മുതിർന്ന നേതാവ് എസ് സെമ്മലൈ പാർട്ടി വിട്ടു

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പ്രമുഖ പാർട്ടിയായ എഐഎഡിഎംകെയിൽ ആഭ്യന്തര തർക്കങ്ങൾ തുടരുന്നതിനിടെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എസ് സെമ്മലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിക്ക് രാജിക്കത്ത് സമർപ്പിച്ചു.
തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലുണ്ടായ അസ്വാരസ്യങ്ങളിലും നിലവിലെ നേതൃത്വത്തിന്റെ പോക്കിലും നിരാശ പ്രകടിപ്പിച്ചാണ് കത്ത്. മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തിന് ശേഷം പാർട്ടിയിൽ തനിക്ക് അർഹമായ പരിഗണനയും അവസരങ്ങളും ലഭിച്ചില്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
വിജയ് പക്ഷം ചേര്‍ന്നവരും ചേരാത്തവരും
വിജയ് മുഖ്യമന്ത്രി പദത്തിലെത്തിയ നിയമസഭയിലെ നിർണായക വോട്ടെടുപ്പിൽ തമിഴക വെട്രി കഴകം സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് എസ് പി വേലുമണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പാർട്ടി പദവികളിൽ നിന്ന് ഇപിഎസ് നീക്കം ചെയ്തിരുന്നു. കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കാൻ കത്തും നൽകി. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ സെമ്മലൈയുടെ രാജി.
എഐഎഡിഎംകെയുടെ ആകെ 47 എംഎൽഎമാരിൽ 25 പേരാണ് പാർട്ടി വിപ്പ് ലംഘിച്ച് ടിവികെ സർക്കാരിന്റെ വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. മുതിർന്ന നേതാവ് എസ്പി വേലുമണിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗമാണ് വിജയ് സർക്കാരിനെ പിന്തുണച്ചത്. എടപ്പാടി കെ പളനിസ്വാമിയുടെ (EPS) നേതൃത്വത്തിലുള്ള 22 എംഎൽഎമാർ വിജയ്ക്കെതിരെ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.
വിശ്വാസവോട്ടെടുപ്പിൽ സർക്കാരിനെ പിന്തുണച്ച 25 വിമത എംഎൽഎമാർക്കെതിരെയും കടുത്ത അച്ചടക്ക നടപടികളാണ് ഔദ്യോഗിക നേതൃത്വം സ്വീകരിച്ചത്. എസ്പി വേലുമണി, സിവി ഷൺമുഖം ഉൾപ്പെടെയുള്ള നേതാക്കളെ എടപ്പാടി നേതൃത്വം പാർട്ടി പദവികളിൽ നിന്നും മാറ്റി. 26 ജില്ലാ സെക്രട്ടറിമാരെ സ്ഥാനങ്ങളിൽ നിന്നും അടിയന്തരമായി നീക്കം ചെയ്തു. പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത 25 എംഎൽഎമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഇപിഎസ് വിഭാഗം സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്.











0 comments