print edition തൊഴിലുറപ്പ് വധത്തിന് ബില്‍ ; സാമ്പത്തികഭാരം സംസ്ഥാനത്തിന് , നിയന്ത്രണം കേന്ദ്രത്തിന്

എം പ്രശാന്ത്
Published on Dec 17, 2025, 03:21 AM | 2 min read
ന്യൂഡൽഹി
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ വെട്ടിമാറ്റി ജി റാം ജി എന്ന പേരിൽ മോദി സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമം സംസ്ഥാനങ്ങൾക്ക് മേൽ അമിത സാമ്പത്തികബാധ്യത അടിച്ചേൽപ്പിക്കുന്നതും സംസ്ഥാനങ്ങളുടെ അധികാരങ്ങളെ കൂടുതലായി കവരുന്നതുമാണ്. തൊഴിലുറപ്പ് പദ്ധതിയുടെ 100 ശതമാനം ചെലവും ഇതുവരെ കേന്ദ്രസർക്കാരായിരുന്നു വഹിച്ചിരുന്നത്. എന്നാൽ ചൊവ്വാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിച്ച ജി റാം ജി ബില്ലിലെ വ്യവസ്ഥകൾ പ്രകാരം പദ്ധതിചെലവിന്റെ 40 ശതമാനം ഇനി മുതൽ സംസ്ഥാനങ്ങളാണ് വഹിക്കേണ്ടത്. ശേഷിക്കുന്ന 60 ശതമാനം മാത്രം കേന്ദ്രം വഹിച്ചാൽ മതി.
2023–24ൽ 90000 കോടി രൂപയായിരുന്നു തൊഴിലുറപ്പ് പദ്ധതിയുടെ ചെലവ്. ഇത് പൂർണമായും കേന്ദ്രമാണ് വഹിച്ചത്. എന്നാൽ ജി റാം ജി ബില്ലിലെ വ്യവസ്ഥ പ്രകാരമാണെങ്കിൽ കേന്ദ്രത്തിന്റെ ചെലവ് 54000 കോടിയായി കുറയും. സംസ്ഥാനങ്ങൾ 36000 കോടി മുടക്കേണ്ടിവരും. പദ്ധതിചെലവിന്റെ ബാധ്യത സംസ്ഥാനങ്ങൾക്ക് മേൽ കൂടി അടിച്ചേൽപ്പിക്കുന്ന കേന്ദ്രം എന്നാൽ പദ്ധതി നടത്തിപ്പിന്റെ നിയന്ത്രണം പൂർണമായും കൈയ്യാളുകയുമാണ്. ഓരോ സംസ്ഥാനത്തിന് നൽകേണ്ട വിഹിതം എത്രയെന്നതും കേന്ദ്രം തീരുമാനിക്കും. കേന്ദ്രം നിശ്‌ചയിക്കുന്ന മാനദണ്ഡപ്രകാരമാകും സംസ്ഥാനവിഹിതം നിർണയിക്കുക. കേരളം പോലെ പ്രതിപക്ഷ പാർടികൾ ഭരണത്തിലുള്ള സംസ്ഥാനങ്ങളോട് വിവേചനത്തിനുള്ള സാധ്യതയേറെയാണ്.
സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കേണ്ട ഗ്രാമീണ മേഖലകളെ നിശ്‌ചയിക്കുന്നതും കേന്ദ്രമായിരിക്കും. കാർഷിക– പാരിസ്ഥിതിക മേഖലകൾ, പ്രാദേശിക കാർഷിക രീതികൾ, മറ്റ് അനുബന്ധ ഘടകങ്ങൾ എന്നിവ പരിഗണിച്ചാകും സംസ്ഥാനങ്ങളിലെ വിവിധ മേഖലകളെ തരംതിരിച്ചുള്ള വിജ്‌ഞാപനം കേന്ദ്രം പുറപ്പെടുവിക്കുക.
ഇവിടെയും പ്രതിപക്ഷ സംസ്ഥാനങ്ങളോട് വിവേചനത്തിനുള്ള സാധ്യതയേറെയാണ്. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾക്ക് അനുസൃതമായി തൊഴിലുറപ്പ് കൂലിയിലും മാറ്റം വരാമെന്ന് ബില്ലിലുണ്ട്.
പ്രകൃതിക്ഷോഭം കാരണമോ മറ്റേതെങ്കിലും അസാധാരണ സാഹചര്യങ്ങളാലോ പദ്ധതി നടത്തിപ്പിൽ മാറ്റം കൊണ്ടുവരണമെങ്കിലും കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. ജലസുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, നിർണായക ഗ്രാമീണ പശ്‌ചാത്തലസൗകര്യ പ്രവർത്തികൾ, ജീവിതോപാധിയുമായി ബന്ധപ്പെട്ട പശ്‌ചാത്തലസൗകര്യ പ്രവർത്തികൾ, കടുത്ത കാലാവസ്ഥാ സാഹചര്യങ്ങളെ നേരിടുന്നതിനായുള്ള പ്രവർത്തികൾ എന്നിവയാണ് ജി റാം ജി പദ്ധതിപ്രകാരം ഏറ്റെടുക്കാവുന്ന ജോലികൾ.
പദ്ധതി നടത്തിപ്പിന് കൗൺസിലും സ്‌റ്റിയറിങ് കമ്മിറ്റിയും
ജി റാം ജി ബില്ലിലെ വ്യവസ്ഥകൾ പ്രകാരം തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് ദേശീയതലത്തിൽ ഒരു കേന്ദ്ര ഗ്രാമീൺ റോസ്‌ഗാർ ഗ്യാരന്റി കൗൺസിലുണ്ടാകും. ചെയർപേഴ്‌സണിന് പുറമെ കേന്ദ്ര– സംസ്ഥാന പ്രതിനിധികൾ കൗൺസിലിന്റെ ഭാഗമാകും. തൊഴിലാളിസംഘടനകൾ, പഞ്ചായത്തിരാജ് സ്ഥാപനങ്ങൾ, ദുർബല വിഭാഗങ്ങൾ എന്നിവയുടെ പ്രതിനിധികളായി 15 നോൺഒഫീഷ്യൽ അംഗങ്ങളുമുണ്ടാകും. ജോയിന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും സെക്രട്ടറി. ദേശീയതലത്തിലെ കൗൺസിലിന് സമാനമായി സംസ്ഥാനങ്ങളിലും കൗൺസിലുകളുണ്ടാകും. പദ്ധതി നടത്തിപ്പിന്റെ വിലയിരുത്തൽ, നിരീക്ഷണം, നടപ്പാക്കൽ പിന്തുണ, റിപ്പോർട്ടിങ് തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് കേന്ദ്ര–സംസ്ഥാന കൗൺസിലുകൾക്കുള്ളത്.
സംസ്ഥാന കൗൺസിലുകളിലെ നോൺ ഒഫീഷ്യൽ അംഗങ്ങളിൽ മൂന്നിലൊന്ന് വനിതകളായിരിക്കണം. മൂന്നിലൊന്നിൽ കുറയാതെ എസ്‌സി, എസ്‌ടി, ഒബിസി, ന്യൂനപക്ഷ പ്രതിനിധികളുണ്ടാകണം. സംസ്ഥാനങ്ങൾക്ക് ആവശ്യമായ ഉപദേശനിർദേശങ്ങൾ, പുനഃപരിശോധന, മേൽനോട്ടം, വാർഷിക റിപ്പോർട്ട് തയ്യാറാക്കൽ എന്നിവയാണ് സംസ്ഥാന കൗൺസിലുകളുടെ ഉത്തരവാദിത്വം. ദേശീയതലത്തിൽ ഒരു സ്‌റ്റിയറിങ് കമ്മിറ്റിയും പദ്ധതി നടത്തിപ്പിനായുണ്ട്. സ്ഥാനങ്ങൾക്കുള്ള വിഹിതവും മറ്റും ശുപാർശ ചെയ്യുന്നത് സ്‌റ്റിയറിങ് കമ്മിറ്റിയാണ്. വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള കൂടിയാലോചനയും സ്‌റ്റിയറിങ് കമ്മിറ്റി നടത്തും. സർക്കാർ നിശ്‌ചയിക്കുന്ന ഉദ്യോഗസ്ഥരായിരിക്കും സ്‌റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ. സംസ്ഥാനതലത്തിലും സമാനകമ്മിറ്റികളുണ്ടാകും.









0 comments