print edition വന്ദേമാതരം വാര്‍ഷികം : ബിജെപിയുടെ വർഗീയധ്രുവീകരണനീക്കം പൊളിഞ്ഞു

ന്യൂഡൽഹി
വന്ദേമാതരത്തിന്റെ 150–ാം വാർഷികം മുൻനിർത്തിയുള്ള പ്രത്യേക ചർച്ച വർഗീയ വിഭജനത്തിന് ആയുധമാക്കാമെന്ന സംഘപരിവാർ അജൻഡ പാർലമെന്റിൽ പാളി. വന്ദേമാതരം ഇന്ത്യയുടെ ദേശീയഗീതമായി മാറിയതിന്റെ ചരിത്രപശ്ചാത്തലം വിവരിച്ചും സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സംഘപരിവാർ പാരമ്പര്യം വിവരിച്ചും പ്രതിപക്ഷ പാർടി എംപിമാർ ചർച്ചയിൽ നിറഞ്ഞതോടെ ബിജെപി പ്രതിരോധത്തിലായി.
വന്ദേമാതരത്തിന്റെ അവസാന ഖണ്ഡികകൾ മുസ്ലിം ലീഗിന്റെ സമ്മർദപ്രകാരം ജവഹർലാൽ നെഹ്‌റു നീക്കം ചെയ്‌തുവെന്ന് സ്ഥാപിക്കാനാണ് ചർച്ചയ്‌ക്ക് തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചത്. ജിന്നയാണ് 1937ൽ മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വന്ദേമാതരത്തെ ആദ്യം എതിർത്തത്. മുസ്ലിങ്ങൾക്ക് വന്ദേമാതരം അംഗീകരിക്കാനാവില്ലെന്ന നിലപാടായിരുന്നു ജിന്നയ്‌ക്ക്. നെഹ്‌റുവും ഇൗ വാദത്തോട് യോജിച്ചു. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം സ്വീകരിച്ചാൽ മതിയെന്ന നിലപാടിൽ നെഹ്‌റു എത്തിയെന്നും മോദി പറഞ്ഞു.
മോദിക്കുശേഷം സംസാരിച്ച ഗൗരവ് ഗൊഗോയ്, പ്രിയങ്കാ ഗാന്ധി, അഖിലേഷ് യാദവ്, മഹുവാ മൊയ്‌ത്ര, സൂ വെങ്കടേശൻ, എ രാജ തുടങ്ങിയ പ്രതിപക്ഷ എംപിമാർ സംഘപരിവാർ വാദങ്ങളെ കീറിമുറിച്ചു.1896ൽ കോൺഗ്രസ് സമ്മേളനത്തിൽ ടാഗോറാണ് ആദ്യമായി വന്ദേമാതരം ആലപിച്ചതെന്ന് പ്രിയങ്ക പറഞ്ഞു. 1875ൽ ആദ്യ രണ്ട് ഖണ്ഡിക മാത്രമാണ് രചിക്കപ്പെട്ടിരുന്നത്. 1882ൽ ആനന്ദമഠം നോവലിലാണ് ശേഷിക്കുന്ന ഖണ്ഡികകൾ പ്രസിദ്ധീകരിക്കപ്പെട്ടത്. 1937ലെ കോൺഗ്രസ് സമ്മേളനത്തിൽ ഗാന്ധിജിയും ടാഗോറും സർദാർ പട്ടേലും നെഹ്‌റുവും നേതാജിയും എല്ലാമുൾപ്പെടുന്ന പ്രവർത്തകസമിതി യോഗത്തിലാണ് ആദ്യ രണ്ട് ഖണ്ഡിക അംഗീകരിക്കാൻ തീരുമാനമായത്– പ്രിയങ്ക പറഞ്ഞു.










0 comments