ഇന്ത്യ 'അസമത്വത്തിന്റെ തലസ്ഥാനം'; കേന്ദ്ര സർക്കാരിനെതിരെ രാജ്യസഭയിൽ വി ശിവദാസൻ

വി ശിവദാസൻ എംപി
ന്യൂഡൽഹി : രാജ്യത്ത് വർധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തിലും കോർപ്പറേറ്റ് പ്രീണന നയങ്ങളിലും കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാജ്യസഭയിൽ വി ശിവദാസൻ എംപി. ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഇന്ന് ലോകത്തിന്റെ 'അസമത്വ തലസ്ഥാനമായി' മാറിയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
1950-ൽ ഡോ. ബി ആർ അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഇന്ന് ഭയപ്പെടുത്തുന്ന രീതിയിൽ യാഥാർഥ്യമായിരിക്കുകയാണെന്ന് വി ശിവദാസൻ ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിൽ സമത്വമുണ്ടെങ്കിലും സാമൂഹിക - സാമ്പത്തിക മേഖലകളിൽ അസമത്വം തുടരുമെന്നായിരുന്നു അംബേദ്കറുടെ വാക്കുകൾ. 75 വർഷങ്ങൾക്കിപ്പുറം ബിജെപി ഭരണത്തിന് കീഴിൽ ഈ വിടവ് അങ്ങേയറ്റം വർധിച്ചിരിക്കുകയാണ്.
രാജ്യത്തെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ നിരത്തിയായിരുന്നു എംപിയുടെ വിമർശനം. ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികം വെറും ഒരു ശതമാനം മാത്രമുള്ള അതിസമ്പന്നരുടെ കൈകളിലാണ്. ജനസംഖ്യയുടെ താഴെത്തട്ടിലുള്ള 50 ശതമാനം പേർക്ക് രാജ്യത്തെ സമ്പത്തിന്റെ വെറും 3 ശതമാനം മാത്രമാണ് വിഹിതമായി ലഭിക്കുന്നത്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കറ്റിയുടെ പഠനങ്ങൾ പ്രകാരം ദേശീയ വരുമാനത്തിന്റെ 22 ശതമാനവും ഈ ഒരു ശതമാനം ആളുകൾ കൈക്കലാക്കുന്നു.
ആരോഗ്യച്ചെലവുകൾ താങ്ങാനാവാതെ ഓരോ വർഷവും 6.3 കോടി ജനങ്ങൾ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുകയാണെന്ന് വി ശിവദാസൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഇൻഷുറൻസ് പദ്ധതിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും എയിംസ് പോലുള്ള ആശുപത്രികളിൽ പോലും രോഗികൾക്ക് വൻതുക സ്വന്തം പോക്കറ്റിൽ നിന്ന് ചെലവാക്കേണ്ടി വരുന്നു. രണ്ട് ദിവസത്തെ ആശുപത്രി വാസം കൊണ്ട് സാധാരണക്കാരൻ കടക്കെണിയിലാകുന്ന അവസ്ഥയാണുള്ളത്.
2024ൽ വ്യക്തിഗത ആദായനികുതി സമാഹരണം 12.35 ലക്ഷം കോടി രൂപയായി ഉയർന്നപ്പോൾ കോർപ്പറേറ്റ് നികുതി 9.86 ലക്ഷം കോടി മാത്രമാണ്. കഴിഞ്ഞ അഞ്ച് വർഷമായി സാധാരണക്കാരന്റെ നികുതി ഭാരം കൂടുമ്പോൾ കോർപ്പറേറ്റുകളുടേത് കുറയുകയാണ്. സർക്കാർ ആർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
പാചകവാതക വിലവർധനവ് സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കിയെന്നും പലയിടങ്ങളിലും ഒരു കിലോ എൽപിജിക്ക് 300 രൂപ വരെ നൽകേണ്ടി വരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന അവസ്ഥ അവസാനിക്കണമെന്ന ഭഗത് സിംഗിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച വി ശിവദാസൻ കോർപ്പറേറ്റ് താൽപര്യങ്ങൾ ഉപേക്ഷിച്ച് സാധാരണ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.










0 comments