print edition ഭാരതമാതാക്കള്‍ തെരുവില്‍ അന്തിയുറങ്ങുന്നു : വി ശിവദാസൻ

ന്യൂഡൽഹി
വന്ദേമാതരത്തെ പോലും വർഗീയധ്രുവീകരണത്തിനുള്ള ആയുധമാക്കി മാറ്റാനാണ് സംഘപരിവാർ ശ്രമമെന്ന് വി ശിവദാസൻ രാജ്യസഭയിൽ വന്ദേമാതരം ചർച്ചയിൽ പറഞ്ഞു.
മഹത്തായ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തെ ഓർമിപ്പിക്കുന്നതാണ് വന്ദേമാതരം. ആരാണ് ഭാരതമാതാവെന്ന ചോദ്യമാണ് ഉയരുന്നത്. ഗുജറാത്തിലും മധ്യപ്രദേശിലുമെല്ലാം കുട്ടികൾക്ക് ഭക്ഷണം നൽകാൻ പാടുപ്പെടുന്ന അമ്മമാർ. മഹാരാഷ്ട്രയിലും രാജസ്ഥാനിലും കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടുന്ന അമ്മമാർ. ബുൾഡോസറുകളാൽ വീട് ഇടിച്ചുനിരത്തപ്പെട്ടത്തിനാൽ കൊടുംശൈത്യത്തിൽ തെരുവിൽ അന്തിയുറങ്ങേണ്ടി വരുന്ന അമ്മമാര്‍. അവരാണ് ഭാരതമാതാവ്. ഫാക്‌ടറികളിലും ഖനികളിലും പാടശേഖരങ്ങളിലുമാണ് ഭാരതമാതാക്കളുള്ളത്. കർഷകസമരത്തിന്റെ ഘട്ടത്തിൽ അവർ കാൽനടയായി നാസിക്കിൽനിന്ന് മുംബൈയിലേക്കും അമൃത്‌സറിൽനിന്ന് ഡൽഹിയിലേക്കും നടന്നു. നമ്മളെല്ലാമാണ് ഭാരതമാതാവെന്ന് നെഹ്‌റു പറഞ്ഞു. വന്ദേമാതരത്തിൽ പറയുന്ന ‘സുജലം’ എവിടെയാണുള്ളത്. ഗംഗയും യമുനയുമെല്ലാം മലിനമായി. ‘സുഫൽ’ എവിടെയാണുള്ളത്. ആപ്പിൾ, മാതളനാരങ്ങ കർഷകർക്ക് ന്യായവില കിട്ടുന്നില്ല. എന്നാല്‍ അവയ്‌ക്ക് വിപണിയിൽ പൊള്ളുന്ന വില.
‘മലയജശീതളം സസ്യശ്യാമളം’ എന്നതും അന്യമാണ്. രാജ്യതലസ്ഥാനം ഗ്യാസ്‌ചേമ്പറായി മാറിക്കഴിഞ്ഞു. ഏറ്റവും മലിനമായ വായുവാണ് ഡൽഹിക്കാർ ശ്വസിക്കുന്നത്. ആൻഡമാനിൽ കേന്ദ്രപദ്ധതിക്കായി ഒരു കോടി മരങ്ങളാണ് മുറിക്കുന്നത്.
‘സുമധുരഭാഷിണി’ എന്നാണ് വന്ദേമാതരത്തിൽ പറയുന്നത്. ഗോഡ്‌സെയുടെ പിന്മുറക്കാർ നടത്തുന്നത് വിദ്വേഷപ്രസംഗങ്ങളാണ്. എഴുത്തിന്റെ മതത്തിന്റെ ഭക്ഷണത്തിന്റെ പേരിൽ ആളുകളെ കൊല്ലുന്നു. രാജ്യത്തിന്റെ ഗീതമായ വന്ദേമാതരത്തെ ഗോഡ്‌സെയുടെ പിന്മുറക്കാർ വർഗീയവത്‌കരിക്കുകയാണ്. ഭഗത് സിങ്ങിന്റെയും രാജ്‌ഗുരുവിന്റെയും സുഖ്‌ദേവിന്റെയും പൈതൃകമാണ് നമ്മുടേത്. 16–ാം വയസ്സിൽ ബ്രിട്ടീഷ് പതാക വലിച്ചുതാഴ്‌ത്തി ത്രിവർണപതാക ഉയർത്തിയ സുർജിത്തിന്റെയും സ്വാതന്ത്ര്യദിനത്തിലും ജയിലിലായിരുന്ന എകെജിയുടെയും പൈതൃകമാണ്. അല്ലാതെ ദേശീയസമരത്തെ ഒറ്റുകൊടുത്ത സവർക്കറുടെ പൈതൃകമല്ല. സവർക്കറുടെയും മൗദൂദിയുടെയും ശിഷ്യർക്കെതിരായ പോരാട്ടം തുടരണം– ശിവദാസൻ പറഞ്ഞു.










0 comments