ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ: മരണസംഖ്യ ഉയരുന്നു

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ മഞ്ഞിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. രണ്ട് തൊഴിലാളികൾ കൂടി മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ ആറായി. ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ചയുണ്ടായ മഞ്ഞിടിച്ചിലിൽ 55 തൊഴിലാളികളാണ് കുടുങ്ങിയത്. 46 പേരെ രക്ഷപെടുത്തിയിരുന്നു. നാലുപേർ കഴിഞ്ഞ ദിവസം മരണപ്പെട്ടു. അഞ്ചുപേർക്കായാണ് തിരച്ചിൽ തുടർന്നിരുന്നത്.
ടിബറ്റൻ അതിർത്തിയിലെ ഇന്ത്യൻ ഗ്രാമമായ മനയ്‌ക്കും മന ചുരത്തിനുമിടയിലെ യാത്ര സുഗമമാക്കാൻ റോഡിലെ മഞ്ഞുനീക്കുന്നതിനായി ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ) നിയമിച്ച തൊഴിലാളികളാണ് മഞ്ഞിടിച്ചിലിൽപ്പെട്ടത്. വെള്ളിയാഴ്‌ച പുലർച്ചെ ഏഴേകാലിന് ബദരീനാഥ് ക്ഷേത്രത്തിൽനിന്ന് മൂന്നുകിലോമീറ്റർ അകലെയുളള തൊഴിലാളികൾ താമസിച്ചിരുന്ന ബങ്കറുകളിൽ മഞ്ഞിടിഞ്ഞുവീഴുകയായിരുന്നു. ബിഹാർ, യുപി, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ജമ്മുകശ്‌മീർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് തൊഴിലാളികൾ.
സൈന്യത്തിനൊപ്പം ഇൻഡോ ടിബറ്റൻ അതിർത്തി പൊലീസും ബിആർഒയും ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. അപകടം നടന്നതിന്റെ 20 കിലോമീറ്റർ ചുറ്റളവിൽ റോഡിൽ മഞ്ഞടിഞ്ഞിരിക്കുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിയുന്നു.









0 comments