യുഎസ് എണ്ണ കൂടുതലായി വാങ്ങണമെന്ന് ട്രംപ് ഭരണകൂടം

ന്യൂഡൽഹി
റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് അവസാനിപ്പിക്കുന്നതിനൊപ്പം യുഎസിൽ നിന്ന് കൂടുതൽ ക്രൂഡോയിൽ ഇറക്കുമതി ചെയ്യണമെന്ന നിബന്ധന ഇന്ത്യക്ക് മുമ്പാകെ വെച്ച് അമേരിക്ക. വാണിജ്യ മന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘവുമായി നടത്തിയ വ്യാപാര കരാർ ചർച്ചയിലാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. രേഖാമൂലമുള്ള ഉറപ്പുനൽകണമെന്നും അല്ലെങ്കിൽ ഇന്ത്യയുമായി വ്യാപാര കരാറിൽ ഏർപ്പെടില്ലെന്നുമാണ് യുഎസ് നിലപാട്.
ട്രംപ് വീണ്ടും അധികാരത്തിൽ വന്ന ശേഷം ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതി ഗണ്യമായി വർധിപ്പിച്ചു. 2025 ആദ്യ പകുതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് ൫൦ശതമാനം വർധനിച്ചു. 2025 ജനുവരി– ജൂൺ കാലയളവിൽ പ്രതിദിനം 2.71 ലക്ഷം ബാരൽ എണ്ണ യുഎസ്സില്‍ നിന്നെത്തി. 2024ൽ ഇതേ കാലയളവിൽ പ്രതിദിന ഇറക്കുമതി ശരാശരി 1.8 ലക്ഷം ബാരലായി. അതേസമയം 2025 ഏപ്രിൽ– ജൂൺ പാദത്തിൽ 114 ശതമാനത്തിന്റെ വർധന വന്നു. 2024 ഏപ്രിൽ– ജൂൺ കാലയളവിൽ പതിനയ്യായിരം കോടി രൂപയുടെ ക്രൂഡോയിൽ ഇറക്കുമതിയാണ് യുഎസിൽ നിന്നുണ്ടായത്. 2025 ഏപ്രിൽ– ജൂൺ കാലയളവിലാകട്ടെ ഇത് 32000 കോടിയോളം വർധിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ സമ്മർദപ്രകാരം യുഎസ് ക്രൂഡോയിലിനെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവിൽ വലിയ വർധനവുണ്ടാക്കും. റഷ്യൻ ക്രൂഡോയിൽ ബാരലിന് 10 ഡോളറോളം ലാഭത്തിൽ ലഭിക്കുമ്പോഴാണ് കൂടിയ വിലയ്‌ക്ക് യുഎസ് എണ്ണ വാങ്ങാൻ ഇന്ത്യ നിർബന്ധിതമാകുന്നത്. യുഎസിൽ നിന്നുള്ള ഷെയ്‌ൽ എണ്ണ ശുദ്ധീകരിക്കുന്നതിനുള്ള ചെലവും ഭാരിച്ചതാണ്.










0 comments