വിവാഹം കഴിക്കാനായി ഇന്ത്യയിലേക്ക് വന്നു; പഞ്ചാബിൽ അമേരിക്കൻ പൗരയെ ചുട്ടുകൊന്നു

ലുധിയാന: പഞ്ചാബ് സ്വദേശിയെ വിവാഹം കഴിക്കാനായി ഇന്ത്യയിലെത്തിയ അമേരിക്കൻ പൗരയെ ചുട്ടുകൊന്നു. തന്റെ സുഹൃത്തായ ചരൺജിത്ത് സിംഗ് ഗ്രെവാളിന്റെ വിവാഹക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയ രുപീന്ദർ കൗർ പാണ്ഡെർ എന്ന 71 കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജൂലൈയിൽ ഇന്ത്യയിലെത്തിയ രുപീന്ദറിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് സഹോദരി കമൽ കൗർ കൈറയാണ് രുപീന്ദറിനെ കാണാനില്ലെന്ന വിവരം പോലീസിൽ അറിയിക്കുന്നത്. ഗ്രെവാളിന്റെ ആവശ്യപ്രകാരം ഇരുവരും വിവാഹം കഴിക്കാനാണ് രുപീന്ദർ ഇന്ത്യയിലെത്തിയത്.
ഗ്രെവാളിന്റെ നിർദേശപ്രകാരം താനാണ് രുപീന്ദറിനെ കൊലപ്പെടുത്തിയതെന്ന് സുഖ്ജീത് സിംഗ് സോനു എന്നയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. വീട്ടിൽ രുപീന്ദറിനെ കൊന്നതായും മൃതദേഹം സ്റ്റോർറൂമിൽ കത്തിച്ചതായും സോനു സമ്മതിച്ചതായി പോലീസ് പറഞ്ഞു. രുപീന്ദറിനെ കൊല്ലാനായി 50 ലക്ഷം രൂപ ഗ്രെവാൾ വാഗ്ദാനം ചെയ്തതായും സോനു പോലീസിനോട് പറഞ്ഞു. സോനുവിന്റെ വെളിപ്പെടുത്തലിനെ അടിസ്ഥനമാക്കി രുപീന്ദറിന്റെ മൃതദേഹ അവശിഷ്ടങ്ങൾക്കായുള്ള തെരച്ചിൽ പോലീസ് നടത്തിവരികയാണ്.








0 comments