ലെബനൻ കൂട്ടക്കൊലയിലും ഇസ്രയേലിന്റെ പേര് പറയാതെ ഇന്ത്യൻ വിധേയത്വം

ന്യൂഡൽഹി: ബുധനാഴ്ച ഇസ്രയേൽ ലെബനനിൽ നടത്തിയ ആക്രമണത്തിൽ 357 പേർ മരിക്കുകയും 1223 പേർക്ക് പരിക്കേൽക്കുകയും ചെയ്തപ്പോഴും ഇസ്രയേൽ എന്ന രാജ്യത്തിന്റെ പേര് പറയാൻ ധെെര്യപ്പെടാത്ത ഇന്ത്യ ലോകജനതയ്ക്ക് മുന്നിൽ വീണ്ടും ചെറുതായി. ലെബനണ്‍ ആക്രമണത്തിൽ ഒട്ടേറെ സാധാരണ ജനങ്ങൾ കൊല്ലപ്പെടുന്നതിൽ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്‌സ്വാൾ പ്രസ്‌താവനയിൽ അറിയിച്ചിരുന്നു . ലെബനണിന് നേർക്ക് കനത്ത ബോംബാക്രമണം ഇസ്രയേൽ നടത്തിയതിന് പിന്നാലെയാണ് ഇന്ത്യ പ്രതികരിച്ചത്.നിലവിലെ സാഹചര്യം ഗുരുതരമാണെന്നും ജയ്‌സ്വാൾ പറഞ്ഞു.
ലെബനണിൽ നിലയുറപ്പിച്ചിട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ ഇടക്കാല സേനയിലേക്ക് സൈനികരെ നൽകുന്ന രാജ്യമാണ് ഇന്ത്യ. ലെബനണിന്റെ സമാധാനത്തിനും സുരക്ഷയ്‌ക്കുമായാണ് യുഎൻ സേന പ്രവർത്തിക്കുന്നത്. സാധാരണ ജനങ്ങളുടെ സംരക്ഷണത്തിന് അങ്ങേയറ്റത്തെ പരിഗണന നൽകണം. ഓരോ രാജ്യത്തിന്റെയും പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും പാലിക്കേണ്ടതുണ്ട്. ലെബനണിലുള്ള ഇന്ത്യാക്കാരുടെ സുരക്ഷയ്‌ക്കായി ഇന്ത്യൻ എംബസി നടപടികൾ സ്വീകരിക്കുന്നുണ്ട്– ജയ്‌സ്വാൾ പറഞ്ഞു.
ഇതെല്ലാം പറയുമ്പോഴും ഇസ്രയേൽ എന്ന വാക്ക് പറയാൻ രൺദീർ ജയ്സ്വാളിനായില്ല. യുഎസ് -ഇസ്രയേൽ സഖ്യം ഇറാനെ ആക്രമിച്ചപ്പോഴും വലിയ തോതിൽ മരണങ്ങൾ സംഭവിച്ചപ്പോഴും അക്രമത്തെ തള്ളിപ്പറയാൻ ഇന്ത്യ തയ്യാറായില്ല. പിന്നീട് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി കൊല്ലപ്പെട്ടപ്പോൾ ഒരുപാട് വെെകി അനുശോചനം മാത്രം രേഖപ്പെടുത്തി.
പക്ഷമേതെന്ന് ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഇസ്രയേൽ സന്ദർശിച്ച് മോദി വ്യക്തമാക്കിയിരുന്നു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളെ അപലപിക്കാനും മോദി മുന്നിൽ നിൽക്കുകയായിരുന്നു. അതേസമയം, തങ്ങളെ സംരക്ഷിക്കാമെന്നേറ്റ്, സ്വന്തം സെെനിക ശക്തി വർധിപ്പിക്കാനുള്ള യുഎസ് നീക്കത്തിൽ ബലിയാടുകളാകുകയായിരുന്നു ഗൾഫ് മേഖല എന്ന അടിസ്ഥാന വിവരം പോലും മറച്ചുവെച്ചുകൊണ്ടായിരുന്നു ഇറാൻ പ്രത്യാക്രമണത്തെ യുഎസ് അപലപിക്കുകയുണ്ടായത്. യുഎസിനായി സെെനിക താവളത്തിന് സൗകര്യം നൽകാതിരുന്ന സ്പെയിൻ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ചു. ഇത്തരത്തിൽ യുഎസിന്റെ ആത്മമിത്രങ്ങളായ രാജ്യങ്ങൾ പലതും ഇറാൻ അധിനിവേശത്തേയും കുട്ടികളുടെ സ്കൂൾ ആക്രമിച്ച് കൂട്ടക്കൊല നടത്തിയതിനേയും എതിർത്തപ്പോഴും ഇന്ത്യ മൗനം വെടിയാതെ നിന്നു.
ഇറാനിലെ മിനാബിൽ നൂറിലേറെ സ്‌കൂൾ കുട്ടികളെ കൂട്ടക്കൊലചെയ്‌തത് യുഎസ് അറിഞ്ഞുകാണ്ടുള്ള ആക്രമണമായിരുന്നു എന്ന് യുഎസ് മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥ വെളിപ്പെടുത്തിയിട്ടും ഇക്കാര്യത്തിൽ മോദിക്ക് യാതൊരു പ്രതിഷേധമോ മറുപടിയോ ഉണ്ടായില്ല. യുഎസ്–ഇസ്രയേൽ ഭീകരതയ്‍ക്കുനേരെ മോദി കണ്ണടച്ചു. നിഷ്‍പക്ഷത അവകാശപ്പെടുന്ന മോദി സർക്കാർ യുഎൻ രക്ഷാസമിതിയിൽ ഇറാനെ അപലപിക്കുന്ന പ്രമേയത്തെ പിന്തുണച്ചു. ചൈനയും റഷ്യയും വിട്ടുനിന്നു. മോദിയുടെ വിദേശനയം രാജ്യത്തിന്റെ ഉൗർജസുരക്ഷയും അപകടത്തിലാക്കി. ഹോർമുസ് കടലിടുക്കുവഴി റഷ്യയുടെയും ചൈനയുടെയും ഇന്ധനക്കപ്പലുകൾ നിർബാധം നീങ്ങുന്പോൾ ഇന്ത്യൻ കപ്പലുകൾ കടത്തിവിടാൻ ഒടുവിൽ ഇറാനോട് കെഞ്ചേണ്ടിവന്നു മോദി സർക്കാരിന്.
നിലപാടുകൾ അടിയറ വച്ച് യുഎസ് - ഇസ്രയേൽ സഖ്യത്തോട് ചേർന്നുനിന്ന ഇന്ത്യക്ക് അവസാനം ഇറാനോട് ഹോർമിസ് തുറക്കാനായി അപേക്ഷിക്കേണ്ടി വരികയും അമേരിക്കയുടെ വാക്കുകേട്ട് റഷ്യന്‍ എണ്ണ , സ്വീകരിക്കാതിരുന്ന തീരുമാനം മാറ്റേണ്ടിയും വരികയുമായിരുന്നു.










0 comments