'അപകടത്തിൽപ്പെട്ട തന്നെ രക്ഷിക്കുന്നതിനു പകരം പണമടക്കാനാവശ്യപ്പെട്ടു': നോയിഡയിലെ അഴുക്കുചാൽ അപകടത്തിൽ ട്രക്ക് ഡ്രൈവർ

യുവരാജ് മേത്ത
നോയിഡ: നോയിഡയിൽ 27 കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ യുവരാജ് മേത്ത അഴുക്കുചാലിൽ വീണ് മരിച്ച സംഭവത്തിൽ ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധം ഉയരുന്നു. അപകടം നടന്ന ഇതേ സ്ഥലത്ത് രണ്ടാഴ്ച മുൻപ് സമാനമായ രീതിയിൽ അപകടത്തിൽപ്പെട്ട ട്രക്ക് ഡ്രൈവർ ഗുർവിന്ദർ സിംഗ് അധികൃതരുടെ ഗുരുതരമായ വീഴ്ചകൾ വെളിപ്പെടുത്തി രംഗത്തെത്തി.
റോഡിൽ നിന്നും പത്തടി മാത്രം ദൂരെയുള്ള അഴുക്കുചാലിൽ യാതൊരുവിധ സുരക്ഷാ ബോർഡുകളോ ബാരിക്കേഡുകളോ ഇല്ലെന്ന് ഗുർവിന്ദർ ചൂണ്ടിക്കാട്ടി. രണ്ടാഴ്ച മുൻപ് നിയന്ത്രണം വിട്ട തന്റെ ട്രക്ക് അഴുക്കുചാലിന്റെ മതിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വാഹനം പകുതിയോളം വെള്ളത്തിൽ താഴ്ന്ന അവസ്ഥയിൽ കഴുത്തറ്റം വെള്ളത്തിൽ നിന്നാണ് താൻ രക്ഷപ്പെട്ടത്. എന്നാൽ രക്ഷാപ്രവർത്തനത്തിന് എത്തിയ പൊലീസുകാർ നോക്കി നിൽക്കുകയല്ലാതെ തന്നെ സഹായിക്കാൻ തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ നോയിഡ അതോറിറ്റി ഉദ്യോഗസ്ഥരുടെ സമീപനം തന്നെ ഞെട്ടിച്ചതായും ഗുർവിന്ദർ പറയുന്നു. മരണത്തെ മുഖാമുഖം കണ്ടുനിൽക്കുന്ന തന്നോട്, ട്രക്കിടിച്ച് തകർന്ന മതിൽ കെട്ടാനുള്ള പണം ആര് നൽകുമെന്ന് ചോദിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. അന്ന് ഭരണകൂടം ഉചിതമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ യുവരാജ് മേത്തയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച രാത്രിയാണ് ഇവിടെ നിന്ന് കാർ മറിഞ്ഞ് യുവരാജ് മേത്ത മരിച്ചത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തുണ്ടായിട്ടും ഒരു ജീവൻ രക്ഷിക്കാനാകാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വെള്ളത്തിനുള്ളിലെ ഇരുമ്പ് കമ്പികളെ ഭയന്ന് ഉദ്യോഗസ്ഥർ വെള്ളത്തിലിറങ്ങാൻ മടിച്ചതാണ് മരണകാരണമെന്ന് ദൃക്‌സാക്ഷികൾ ആരോപിക്കുന്നു. എന്നാൽ കനത്ത മൂടൽമഞ്ഞ് രക്ഷാപ്രവർത്തനത്തെ ബാധിച്ചെന്നാണ് പൊലീസിന്റെ വിശദീകരണം.









0 comments