യുപിയില്‍ ബലാത്സംഗക്കേസ് പ്രതി ജാമ്യത്തിലിറങ്ങിയപ്പോൾ സ്വീകരണവും റോഡ് ഷോയും

ലഖ്‌നൗ: നിയമവിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് പൂമാലയിട്ടും ചുമലിലേറ്റിയും സ്വീകരണം. ഹിന്ദു യുവവാഹിനി മുൻ പ്രവർത്തകനായ സുശീൽ പ്രജാപതിക്കാണ് ഗാസിയാബാദ് ജയിലിന് പുറത്ത് അനുയായികൾ സ്വീകരണം നൽകിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വെളുത്ത വസ്ത്രം ധരിച്ച്, കഴുത്തുനിറയെ ചെണ്ടുമല്ലി മാലകളണിഞ്ഞ് എത്തിയ പ്രതിക്കായി അനുയായികൾ വലിയ റോഡ് ഷോയാണ് സംഘടിപ്പിച്ചത്. വൻ വിജയ റാലിയുടെ പ്രതീതി ജനിപ്പിക്കുന്നതായിരുന്നു സ്വീകരണം. പ്രതിയെ അനുകൂലികൾ തോളിലേറ്റുന്നതും മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചിലർ പ്രതിയെ കെട്ടിപ്പിടിക്കുകയും കാലിൽ തൊട്ട് വന്ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആഹ്ലാദപ്രകടനം നടത്തിയ അനുയായികൾ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താന്‍ മത്സരിക്കുന്നതും വീഡിയോയില്‍ കാണാം.
വക്കീലിനെ പരിചയപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നിയമവിദ്യാർഥിനിയെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നാണ് സുശീൽ പ്രജാപതിക്കെതിരെയുള്ള കേസ്. സംഭവത്തെ തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി ജയിലിലായിരുന്ന ഇയാൾക്ക് മെയ് 17-നാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയ പ്രതിക്ക് ഇത്തരത്തിൽ സ്വീകരണം നൽകിയതിനെതിരെ സോഷ്യൽ മീഡിയയിലടക്കം കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ആഹ്ലാദപ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.









0 comments