യുപിയിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥനെ ജോലിക്കാർ പട്ടിണിക്കിട്ട് കൊന്നു; മകൾ അതീവഗുരുതരാവസ്ഥയിൽ

മഹോബ: ഉത്തർപ്രദേശിലെ മഹോബയിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥനെയും മാനസിക വെല്ലുവിളി നേരിടുന്ന മകളെയും ജോലിക്കാർ തടവിലിട്ടത് അഞ്ച് വർഷത്തോളം. പട്ടിണിയെത്തുടര്‍ന്ന് അവശനായ റിട്ട. ഉദ്യോഗസ്ഥന്‍ ഓം പ്രകാശ് സിംഗ് റാത്തോഡ് (70) മരണപ്പെട്ടു. അസ്ഥികൂടം മാത്രമായി മാറിയ നിലയിൽ കണ്ടെത്തിയ മകൾ രശ്മി (27) അതീവ ഗുരുതരാവസ്ഥയിലാണ്.
ഇവരുടെ വീട്ടിലെ ജോലിക്കാരായ ദമ്പതികളാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സ്വത്ത് കൈക്കലാക്കാൻ വേണ്ടിയാണ് വീട്ടുടമസ്ഥനെയും മകളെയും അഞ്ചുവർഷത്തോളം ഇവർ തടവിലിട്ടത്.
ഭാര്യയുടെ മരണശേഷം 2016-ലാണ് ഓം പ്രകാശ് മകൾക്കൊപ്പം ഈ വീട്ടിലേക്ക് മാറിയത്. പാചകത്തിനും പരിചരണത്തിനുമായി രാം പ്രകാശ് കുശ്വാഹയെയും ഭാര്യ രാം ദേവിയെയും ഇയാൾ ജോലിക്ക് നിർത്തി. എന്നാൽ പടിപടിയായി വീടിന്റെ നിയന്ത്രണം ഏറ്റെടുത്ത ഈ ദമ്പതികൾ, ഓം പ്രകാശിനെയും മകളെയും താഴത്തെ നിലയിലെ ഇടുങ്ങിയ മുറികളിൽ പൂട്ടിയിടുകയായിരുന്നു. ദമ്പതികൾ മുകളിലത്തെ നിലയിൽ സുഖജീവിതം നയിച്ചു. പുറത്തുനിന്നുള്ള ബന്ധുക്കൾ കാണാൻ വരുമ്പോഴെല്ലാം ഓം പ്രകാശിന് ആരെയും കാണാൻ താല്പര്യമില്ലെന്ന് പറഞ്ഞ് ഇവർ തിരിച്ചയച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ഓം പ്രകാശ് മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചപ്പോഴാണ് പുറംലോകം ഈ ദാരുണമായ അവസ്ഥ അറിയുന്നത്. എല്ലും തോലുമായി മാറിയ നിലയിലായിരുന്നു ഓം പ്രകാശിന്റെ മൃതദേഹം. ഇരുട്ടുമുറിയിൽ വിവസ്ത്രയായി കിടന്ന മകൾ രശ്മി പട്ടിണി മൂലം ഒരു എൺപതുകാരിയെപ്പോലെയാണ് തോന്നിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സ്വത്തും ബാങ്ക് സമ്പാദ്യവും തട്ടിയെടുക്കാനാണ് ജോലിക്കാർ ഇത്രയും വലിയ ക്രൂരത ചെയ്തത്. പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.









0 comments