നിരന്തരം വഴക്ക്; ഫോണിൽ സ്വകാര്യ ചിത്രങ്ങൾ; ഭീഷണി ഭയന്ന് ഭാര്യയെ ആൺസുഹൃത്തിനൊപ്പം വിട്ടയച്ച് യുവാവ്

രാജ്കുമാറും ഭാര്യയും
ലക്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കൊലപാതക ഭീഷണിയെത്തുടർന്ന് ഭാര്യയെ ആൺസുഹൃത്തിനൊപ്പം പോകാൻ സമ്മതിച്ച് ഭർത്താവ്. തന്നെ കൊന്ന് സിമന്റ് നിറച്ച നീല ഡ്രമ്മിലാക്കുമെന്ന ഭാര്യയുടെ ഭീഷണി തുടർന്നാണ് ഭർത്താവ് ഈ തീരുമാനമെടുത്തത്.
ദൗലത്പൂർ ഗ്രാമത്തിലെ രാജ്കുമാറും യുവതിയും ഏഴ് വർഷം മുൻപാണ് വിവാഹിതരായത്. ഇവർക്ക് ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവുമായി ഭാര്യ പ്രണയത്തിലാവുകയായിരുന്നു. കഴിഞ്ഞ വർഷം മീററ്റിൽ നടന്ന കൊലപാതക കേസിനെ മുൻനിർത്തിയായിരുന്നു ഭാര്യയുടെ ഭീഷണി. അന്ന് മുസ്‌കാൻ എന്ന യുവതി ആൺസുഹൃത്തിനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സിമന്റ് നിറച്ച നീല ഡ്രമ്മിനുള്ളിലാക്കി ഒളിപ്പിച്ചിരുന്നു.
ഭാര്യയുടെ ഫോൺ പരിശോധിക്കാൻ ഇടയായ രാജ്കുമാർ, സ്വകാര്യ ചിത്രങ്ങളും 'സിമന്റും നീല ഡ്രമ്മും' എന്ന അടിക്കുറിപ്പോടെയുള്ള ഒരു പോസ്റ്റും കണ്ടെത്തുന്നു. ഇത് ചോദ്യം ചെയ്തതോടെ തന്നെയും സഹോദരങ്ങളെയും കൊന്ന് ഡ്രമ്മിലാക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി. ജീവനിൽ ഭയം തോന്നിയ രാജ്കുമാർ ഒടുവിൽ പൊലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് നടന്ന ചർച്ചയിൽ ആൺസുഹൃത്തിനൊപ്പം പോകണമെന്ന നിലപാടിൽ യുവതി ഉറച്ചുനിന്നു. ഒടുവിൽ തന്റെയും കുടുംബത്തിന്റെയും സുരക്ഷ കണക്കിലെടുത്ത് ഭാര്യയെ അയാൾക്കൊപ്പം പോകാൻ രാജ്കുമാർ സമ്മതിക്കുകയായിരുന്നു.










0 comments