ബുർഖ ധരിച്ചില്ല; ഭാര്യയെയും സാക്ഷികളായ രണ്ട് പെൺമക്കളെയും കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി യുവാവ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാംലിയിൽ ബുർഖ ധരിക്കാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കുടുംബത്തിന്റെ 'അഭിമാനം' തകർത്തുവെന്നാരോപിച്ചാണ് 32 കാരിയായ താഹിറയെ ഫാറൂഖ് കൊലപ്പെടുത്തിയത്. താഹിറയെ കൊലപ്പെടുത്തുന്നത് കണ്ട രണ്ട് പെൺമക്കളായ അഫ്രീൻ (14), സെഹ്‌റിൻ (7) എന്നിവരെയും ഫാറൂഖ് കൊലപ്പെടുത്തി.
വർഷങ്ങളായി തീവ്രമായ യാഥാസ്ഥിതിക നിലപാടുകൾ പുലർത്തിയിരുന്ന ഫാറൂഖ്, താഹിറയുടെ ഫോട്ടോ പുറത്താരും കാണാതിരിക്കാൻ ആധാർ കാർഡോ റേഷൻ കാർഡോ എടുക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മാസം ബുർഖ ധരിക്കാതെ താഹിറ സ്വന്തം വീട്ടിലേക്ക് പോയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇത് തന്റെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്നായിരുന്നു ഫാറൂഖ് പറഞ്ഞത്.
ഡിസംബർ പത്തിന് അർധരാത്രിയോടെ അടുക്കളയിൽ വെച്ച് ഫാറൂഖ് താഹിറയെ വെടിവെച്ചു കൊന്നു. വെടിയൊച്ച കേട്ട് ഉണർന്നെത്തിയ മൂത്തമകൾ അഫ്രീനെയും ഇയാൾ വെടിവെച്ചു. പിന്നാലെ എത്തിയ രണ്ടാമത്തെ മകൾ സെഹ്‌റിനെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത്. ആരുമറിയാതിരിക്കാൻ വീടിന്റെ മുറ്റത്ത് ശൗചാലയത്തിനായി നിർമിച്ച ഒൻപതടി താഴ്ചയുള്ള കുഴിയിൽ മൂന്ന് മൃതദേഹങ്ങളും ഇയാൾ കുഴിച്ചുമൂടുകയും മുകളിൽ ഇഷ്ടിക പാകി തറ കെട്ടുകയും ചെയ്തു.
ആറ് ദിവസമായി മക്കളെയും മരുമകളെയും കാണാത്തതിനെ തുടർന്ന് ഫാറൂഖിന്റെ പിതാവ് ദാവൂദ് തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റളും പൊലീസ് കണ്ടെടുത്തു. വിവാഹ ചടങ്ങുകളിൽ പാചകക്കാരനായി ജോലി ചെയ്യുന്ന ഫാറൂഖ്, ഭാര്യയെ പിതാവിനെ കാണാൻ പോലും അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. മറ്റ് മൂന്ന് മക്കളും നിലവിൽ സുരക്ഷിതരാണ്.









0 comments