ad
Deshabhimani

യുപിയിൽ ആർമി പബ്ലിക് സ്കൂളിൽ അഞ്ചാം ക്ലാസുകാരന് സഹപാഠികളുടെ മർദ്ദനം; കാഴ്ച നഷ്ടപ്പെട്ടു

student assault
വെബ് ഡെസ്ക്

Published on Feb 02, 2026, 06:54 AM | 1 min read

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗ ആർമി പബ്ലിക് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് നേരെ സഹപാഠികളുടെ അതിക്രമം. ക്രൂരമായ മർദ്ദനത്തെത്തുടർന്ന് കുട്ടിക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടതായി പൊലീസ് അറിയിച്ചു. ജനുവരി 21ന് ഉച്ചയ്ക്ക് 12.30ഓടെ സ്കൂൾ മൈതാനത്തുവെച്ചാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


മറ്റൊരു വിഭാ​ഗത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയും മൂന്നാം ക്ലാസ് വിദ്യാർത്ഥിയും ചേർന്നാണ് തന്റെ മകനെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. കുട്ടിയെ തറയിൽ തള്ളിയിട്ട ശേഷം ഷൂസിന്റെ ഹീൽ ഉപയോഗിച്ച് കണ്ണുകളിലും മുഖത്തും ബലമായി ഉരസുകയായിരുന്നു. ആക്രമണത്തിൽ മകന്റെ കണ്ണുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തതായി മാതാവ് പരാതിയില്‍‍ പറയുന്നു. കുട്ടി നിലവിൽ കമാൻഡ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.


സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ചും പരാതിയിൽ പരാമർശമുണ്ട്. സംഭവം സ്കൂൾ അധികൃതരെ അറിയിച്ചിട്ടും അവർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് മാതാവ് ആരോപിച്ചു. കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെയും വീഴ്ച വരുത്തിയ സ്കൂൾ ജീവനക്കാർക്കെതിരെയും കർശന നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ജനുവരി 30-നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home