ഉന്നാവോ ബലാത്സംഗ കേസ്: കുൽദീപ് സിംഗ് സെൻഗാറിന് സുപ്രീംകോടതിയിൽ തിരിച്ചടി; ജാമ്യം മരവിപ്പിച്ചു

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗ കേസിലെ പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിംഗ് സെൻഗാറിന് സുപ്രീംകോടതിയിൽ തിരിച്ചടി. സെൻഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു.
ശിക്ഷ മരവിപ്പിക്കണമെന്ന സെൻഗാറിന്റെ അപേക്ഷ വേനൽക്കാല അവധിക്ക് മുൻപായി വീണ്ടും കേട്ട് തീരുമാനമെടുക്കാൻ സുപ്രീംകോടതി ഹൈക്കോടതിക്ക് നിർദേശം നൽകി. പോക്സോ നിയമപ്രകാരം അതിക്രൂരമായ കുറ്റകൃത്യത്തിൽ പ്രതിയായ ഒരു എംഎൽഎയെ 'പൊതുപ്രവർത്തകൻ' അഥവാ പൊതുസേവകനായി കണക്കാക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഗൗരവമേറിയ പുനപരിശോധന വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം, സെൻഗാറിന് അനുവദിച്ച ജാമ്യം റദ്ദാക്കുമ്പോൾ തന്നെ കേസിന്റെ മെറിറ്റിനെക്കുറിച്ച് തങ്ങൾ ഇപ്പോൾ യാതൊരു അഭിപ്രായവും പ്രകടിപ്പിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സെൻഗാറിന് ജാമ്യം അനുവദിച്ചപ്പോൾ ഹൈക്കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത് പോക്സോ നിയമത്തിലെ സെക്ഷൻ 5 സി, ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 372 എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ഇതിൽ നിലനിൽക്കില്ലെന്നാണ്.
ഈ നിയമങ്ങൾ പ്രകാരം ഒരു എംഎൽഎയെ പൊതുസേവകൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താനാവില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. ഈ വാദങ്ങളിലാണ് ഇപ്പോൾ സുപ്രീംകോടതി പുനപരിശോധന ആവശ്യപ്പെട്ടിരിക്കുന്നത്.
2017 ലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും എംഎൽഎയുമായിരുന്ന കുൽദീപ് സിംഗ് സെൻഗാർ പ്രതിയാകുന്നത്. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിക്കെതിരെ സുപ്രീം കോടതിയുടെ ഇടപെടലോടെയാണ് വിചാരണ വേഗത്തിലാക്കിയതും ജീവപര്യന്തം ശിക്ഷ വിധിച്ചതും.
സംഭവത്തിൽ പ്രധാനമന്ത്രിയുൾപ്പടെ പാലിച്ച മൗനം വലിയ വിമർശനങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഇപ്പോൾ സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതോടെ പ്രതി വീണ്ടും അഴിക്കുള്ളിലാകും.










0 comments