ഉന്നാവോ ബലാത്സംഗക്കേസ് പ്രതി കുൽദീപ് സിംഗ് സെംഗാറിന്റെ മോചനം; നീതിന്യായ വ്യവസ്ഥയുടെ പരാജയമെന്ന് എസ്എഫ്ഐ

ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന് ജാമ്യം അനുവദിച്ചും ശിക്ഷ മരവിപ്പിച്ചുമുള്ള കോടതി നടപടി നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്ന് എസ്എഫ്ഐ. 2017-ലെ ക്രൂരമായ പീഡനക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയെ മോചിപ്പിച്ചത് രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നതും ഇരയോടും കുടുംബത്തോടും കാണിക്കുന്ന ക്രൂരതയുമാണെന്ന് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 2019-ലാണ് സെംഗാറിനെ ഡൽഹി വിചാരണ കോടതി ശിക്ഷിച്ചത്. കുറ്റം ചെയ്യുമ്പോൾ എംഎൽഎ ആയിരുന്നുവെന്നത് ഐപിസി പ്രകാരം 'പബ്ലിക് സെർവന്റ്' എന്ന ഗണത്തിൽ ഉൾപ്പെടില്ലെന്ന സാങ്കേതിക വാദം ഉയർത്തിയാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്. നീതിക്കായി വർഷങ്ങളോളം പോരാടിയ ഇരയ്ക്കും കുടുംബത്തിനും ഈ വിധി വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ജാമ്യം ലഭിച്ച നടപടിക്കെതിരെ ഇന്ത്യ ഗേറ്റിന് സമീപം പ്രതിഷേധിച്ച ഇരയെയും അമ്മയെയും ഡൽഹി പൊലീസ് ബലമായി നീക്കം ചെയ്തത് ഭരണകൂടം കുറ്റവാളിക്കൊപ്പം നിൽക്കുന്നതിന്റെ തെളിവാണെന്നും എസ്എഫ്ഐ പറഞ്ഞു.
ഗുജറാത്ത് കലാപത്തിലെ പ്രതികൾക്കും ആശാറാം ബാപ്പുവിനും സമാനമായ രീതിയിൽ ഇളവ് നൽകിയ നടപടികളുടെ തുടർച്ചയാണിതെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിയും ജനറൽ സെക്രട്ടറി സ്രിജൻ ഭട്ടാചാര്യയും പറഞ്ഞു. ബിജെപി-ആർഎസ്എസ് നേതാക്കൾക്കും ജനപ്രതിനിധികൾക്കും നിരന്തരമായി ശിക്ഷാ ഇളവ് ലഭിക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങൾ തീവ്ര വലതുപക്ഷത്തിന് വിധേയമായി എന്നതിന്റെ തെളിവാണ്. പീഡനക്കേസ് പ്രതികൾക്ക് ഇളവ് നൽകുമ്പോൾ തന്നെ സിവിൽ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ഗുൽഫിഷ ഫാത്തിമയെപ്പോലുള്ള വനിതാ ആക്ടിവിസ്റ്റുകൾക്ക് ജാമ്യം നിഷേധിക്കപ്പെടുന്നത് ഇരട്ടത്താപ്പാണെന്നും സംഘടന ആരോപിച്ചു.
ഇരയോടൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും രാജ്യത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും എസ്എഫ്ഐ വ്യക്തമാക്കി.










0 comments