അവിവാഹിതരായ മാതാപിതാക്കൾക്ക് ഒന്നിച്ച് താമസിക്കാം: അലഹബാദ് ഹൈക്കോടതി

അലഹബാദ് : അവിവാഹിതരായ മാതാപിതാക്കൾക്ക് കുട്ടികൾക്കൊപ്പം ഒന്നിച്ച് താമസിക്കാമെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹിതരല്ലാത്ത പ്രായപൂർത്തിയായ മാതാപിതാക്കൾക്ക് ഒന്നിച്ചു താമസിക്കുന്നതിൽ പ്രശ്നമില്ലെന്നുള്ള സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു അലഹബാദ് കോടതിയുടെ പരാമർശം. മുൻ പങ്കാളിയുടെ മാതാപിതാക്കളിൽ നിന്ന് ഭീഷണി നേരിടുന്നുവെന്നു കാട്ടി അലഹബാദ് സ്വദേശികളായ ലിവ് ഇൻ പങ്കാളികൾ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ഇവർക്ക് കോടതി സുരക്ഷയും അനുവദിച്ചു.
ജസ്റ്റിസുമാരായ ശേഖർ ബി സറഫ്, വിപിൻ ചന്ദ്ര ദീക്ഷിത് എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്. 2018 മുതൽ ഇതര മതവിഭാഗങ്ങളിലുൾപ്പെട്ട സ്ത്രീയും പുരുഷനും ലിവ് ഇൻ ബന്ധത്തിലാണ്. സ്ത്രീയുടെ മുൻ പങ്കാളിയുടെ മാതാപിതാക്കളിൽ നിന്നാണ് ഇവർക്ക് ഭീഷണി ലഭിക്കുന്നത്.
നിരന്തരമായി പരാതിപ്പെട്ടിട്ടും സംഭൽ പൊലീസ് വിഷയം അവഗണിച്ചെന്നും മോശമായി പെരുമാറിയെന്നും ദമ്പതികൾ പറഞ്ഞു. ശേഷമാണ് കോടതിയെ സമീപിക്കുന്നത്. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി സംഭൽ എസ്‍പിയോട് ഉത്തരവിട്ടു. പങ്കാളികൾക്ക് സംരക്ഷണം ആവശ്യമുള്ള സ്ഥിതിയുണ്ടോ എന്ന് അന്വേഷിക്കാനും ആവശ്യമാണെങ്കിൽ നിയമാനുസൃതമായി സംരക്ഷണം ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു.









0 comments