ad
Deshabhimani

ഏക സിവിൽ കോഡ്‌ നടപ്പാക്കി ഉത്തരാഖണ്ഡ് ; ലിവ് ഇന്‍ ബന്ധങ്ങള്‍ക്കും രജിസ്ട്രേഷന്‍

uniform civil code
വെബ് ഡെസ്ക്

Published on Jan 28, 2025, 12:00 AM | 1 min read


ന്യൂഡൽഹി : സംഘപരിവാറിന്റെ വർഗീയ അജൻഡകളിൽ പ്രധാനമായ ഏക സിവിൽകോഡ്‌ നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്‌. സംസ്ഥാനത്ത്‌ ഏക സിവിൽകോഡ്‌ നിലവിൽ വന്നതായി തിങ്കളാഴ്‌ച വിജ്ഞാപനം പുറത്തിറക്കി. ബന്ധപ്പെട്ട ചട്ടങ്ങളും വിജ്ഞാപനം ചെയ്‌തു. ഏക സിവിൽകോഡിന്റെ ഭാഗമായുള്ള രജിസ്‌ട്രേഷൻ അപേക്ഷകളും മറ്റും സമർപ്പിക്കുന്നതിനും സേവനങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള പ്രത്യേക പോർട്ടൽ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്‌ ധാമി പുറത്തിറക്കി. രാജ്യമാകെ ഏക വ്യക്തിനിയമം അടിച്ചേല്‍പ്പിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനുള്ള പരീക്ഷണശാലയായി ഉത്തരാഖണ്ഡ് മാറും. മതാടിസ്ഥാനത്തിലുള്ള ഭിന്നിപ്പുകൾക്ക്‌ ഏക സിവിൽകോഡ്‌ വഴിവെയ്‌ക്കുമെന്ന്‌ പ്രതിപക്ഷ പാർടികൾ ചൂണ്ടിക്കാട്ടി.


വിവാഹം, വിവാഹമോചനം, വിവാഹിതരാവാതെ ഒന്നിച്ചുള്ള ജീവിതം (ലിവ്‌ ഇൻ ടുഗതർ), പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങളെല്ലാം ഏകീകരിക്കുന്നതാണ്‌ ഏക സിവിൽകോഡ്‌.


ഏക സിവിൽകോഡ്‌ നടപ്പാക്കാന്‍ സുപ്രീംകോടതി മുൻ ജഡ്‌ജി രഞ്‌ജന പ്രകാശ്‌ ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിക്ക്‌ ബിജെപി സർക്കാർ രൂപം നൽകിയിരുന്നു. റിപ്പോർട്ട്‌ 2024 ഫെബ്രുവരി രണ്ടിന്‌ സർക്കാരിന്‌ കൈമാറി. 2024 ഫെബ്രുവരി ഏഴിന്‌ ബില്‍ നിയമസഭ അംഗീകരിച്ചു. ഗവർണറുടെ അംഗീകാരം 2024 ഫെബ്രുവരി 28നും രാഷ്ട്രപതിയുടെ അംഗീകാരം മാർച്ച്‌ 11 നും ലഭിച്ചു.


ലിവ് ഇന്‍ ബന്ധങ്ങള്‍ക്കും രജിസ്ട്രേഷന്‍

വിവാഹമായാലും ലിവ് ഇന്‍ ബന്ധമായാലും സിവിൽകോഡ്‌ പോർട്ടലിൽ രജിസ്‌ട്രേഷൻ നിർബന്ധം. പാലിക്കാത്തവർക്ക് തടവും പിഴയും അടക്കമുള്ള ശിക്ഷ ലഭിക്കും.


വിവാഹിതരാകാതെ ഒന്നിച്ചു ജീവിക്കുന്ന ലിവ് ഇന്‍ ബന്ധത്തിലുള്ളവര്‍ക്കും ഇത്‌ ബാധകം. ഉത്തരാഖണ്ഡുകാര്‍ അല്ലെങ്കിലും സംസ്ഥാനത്ത് ഒരുമിച്ച് താമസിക്കുന്നവരാണെങ്കില്‍ രജിസ്‌ട്രേഷന്‍ നടത്തണം.


രജിസ്‌ട്രേഷന്‍ വൈകിയാല്‍ ആറ് മാസം വരെ തടവും 25,000 രൂപ പിഴയും ഒടുക്കണം. ലിവ് ഇന്‍ ബന്ധം ഉപേക്ഷിച്ചാലും രജിസ്ട്രാറെ വിവരം അറിയിക്കണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home