ad
Deshabhimani

തമിഴ്നാട് സർക്കാർ രൂപീകരണം

അനിശ്ചിതത്വം തുടരുന്നു; ലോക്ഭവന് മുന്നിൽ ടിവികെയുടെ പ്രതിഷേധം

tvk tamilnadu
വെബ് ഡെസ്ക്

Published on May 08, 2026, 10:54 AM | 1 min read

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ ടിവികെ അധ്യക്ഷൻ വിജയ്‌യെ ക്ഷണിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ ചെന്നൈയിൽ പ്രതിഷേധം ശക്തം. കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുടെ പിന്തുണയോടെ 112 എംഎൽഎമാരുടെ പട്ടിക സമർപ്പിച്ചിട്ടും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് ടിവികെ പ്രവർത്തകർ ലോക്ഭവന് മുന്നിൽ പ്രതിഷേധിച്ചു.


234 അംഗ നിയമസഭയിൽ 118 പേരുടെ പിന്തുണ വേണമെന്നിരിക്കെ, 108 സീറ്റുകൾ നേടിയ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കേണ്ടത് ലോക്ഭവനിലല്ല, മറിച്ച് നിയമസഭയിലാണെന്ന സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധി ഉയർത്തിക്കാട്ടിയാണ് പ്രവർത്തകരുടെ പ്രതിഷേധം.


ഗവർണർ രാജ്ന്ദ്ര വിശ്വനാഥ് ആർലേക്കർ ബിജെപിയുടെ താൽപ്പര്യത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ രൂപീകരണത്തിന് ബോധപൂർവം താമസം വരുത്തുകയാണെന്നും സിപിഐ എം പറഞ്ഞു. വിജയ് മുഖ്യമന്ത്രിയായി അധികാരമേൽക്കണമെന്ന് സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ നേടിയ സിപിഐ എം, അന്തിമ തീരുമാനമെടുക്കാൻ വെള്ളിയാഴ്ച യോഗം വിളിച്ചിട്ടുണ്ട്. ഗവർണർമാരെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്ന ബിജെപിയുടെ നീക്കം അംഗീകരിക്കാനാവില്ലെന്നും ഷൺമുഖം പ്രസ്താവനയിൽ വ്യക്തമാക്കി.


തമിഴ്‌നാട്ടിൽ ഒരു പുതിയ മതനിരപേക്ഷ സർക്കാർ രൂപീകരിക്കുന്നതിനായി സിപിഐ, വിസികെ തുടങ്ങിയ പാർടികളുടെ പിന്തുണ തേടി വിജയ് കത്തയച്ചിട്ടുണ്ട്. രണ്ട് സീറ്റുകൾ വീതം നേടിയ സിപിഐയും വിസികെയും ഇന്ന് തങ്ങളുടെ നിലപാട് വ്യക്തമാക്കും. മറുപടി നൽകുന്നതിനായി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് ചേരുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം വീരപാണ്ഡ്യൻ അറിയിച്ചു. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായിരുന്ന വിസികെയും ഇടതുപക്ഷ പാർടിട്ടികളുടെ നിലപാടിനനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.


അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് നേരത്തെ തന്നെ ടിവികെയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ നിലവിൽ വിജയ്‌ക്കൊപ്പം 113 എംഎൽഎമാരുടെ പിന്തുണയുണ്ട്. സിപിഐ എം, സിപിഐ, വിസികെ എന്നീ പാർട്ടികളുടെ പിന്തുണ കൂടി ലഭിച്ചാൽ കേവല ഭൂരിപക്ഷമായ 118 എന്ന സംഖ്യ മറികടക്കാൻ ടിവികെയ്ക്ക് സാധിക്കും. സഖ്യകക്ഷികൾക്ക് ഭരണത്തിൽ പങ്കാളിത്തം നൽകുമെന്ന വാഗ്ദാനവുമായാണ് ടിവികെ മുന്നോട്ട് പോകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home