അപരിചിതരായ രണ്ട് യാത്രക്കാർക്ക് നൽകിയത് ഒറ്റ പുതപ്പും തലയിണയും; റെയിൽവേയ്ക്ക് പിഴ ചുമത്തി

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ അപരിചിതരായ രണ്ട് യാത്രക്കാർക്ക് ഒറ്റ പുതപ്പ് നൽകിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേയ്ക്ക് പിഴ ചുമത്തി. ഡൽഹി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ആണ് റെയിൽവേയ്ക്ക് 25000 രൂപ പിഴ ചുമത്തിയത്. ട്രെയിനിൽ ആർഎസി ടിക്കറ്റിൽ യാത്ര ചെയ്തവർക്കാണ് ഉപയോഗിക്കാൻ ഒരു പുതപ്പ് മാത്രം നൽകിയത്. 2022 ഒക്ടോബർ 28-ന് പരാതിക്കാരൻ പ്രയാഗ്‌രാജിൽ നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിനിലാണ് സംഭവം. മറ്റൊരു യാത്രക്കാരനൊപ്പം ഒരേ സീറ്റ് പങ്കിട്ടാണ് യാത്രചെയ്തതെന്നും പരാതിയിൽ പറയുന്നു.
യാത്രയ്ക്കിടെ റെയിൽവേ അറ്റൻഡന്റ് ഇരുവർക്കുമായി ഒരു പുതപ്പ്, ഒരു തലയണ, രണ്ട് ബെഡ്ഷീറ്റ് എന്നിവയാണ് നൽകിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. 2009-ലെ കേന്ദ്ര സർക്കുലർ പ്രകാരം ആർഎസി യാത്രക്കാർക്ക് പുതപ്പും ബെഡ്ഷീറ്റും നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതിനുള്ള ചാർജ് ടിക്കറ്റിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഈ സൗകര്യം നിഷേധിക്കാനാവില്ലെന്നുമാണ് കമ്മീഷന്റെ നിരീക്ഷണം.
പുതപ്പ് ലഭ്യമാക്കാതിരുന്നതിന് റെയിൽവേ, കരാറുകാരന് 1000 രൂപ പിഴ ചുമത്തിയെങ്കിലും അതിനേക്കുറിച്ച് പരാതിക്കാരനെ അറിയിക്കുകയോ അയാൾക്ക് നഷ്ടപരിഹാരം നൽകുകയോ ചെയ്തില്ല. കമ്മീഷന് മുൻപിലും റെയിൽവേ ഇക്കാര്യങ്ങൾ പറയുകയോ പരാതിക്കാരന് പ്രത്യേക ബെഡ്റോൾ നൽകിയതായി തെളിയിക്കുന്ന രേഖകൾ ഹാജരാക്കുകയോ ചെയ്തില്ല.
അതിനാൽ സേവനത്തിലെ വീഴ്ചക്ക് റെയിൽവേ കുറ്റക്കാരാണെന്നും പരാതിക്കാരനായ യാത്രക്കാരനുണ്ടായ മാനസികപീഡനത്തിനും യാത്രയിലെ അസൗകര്യത്തിനും നഷ്ടപരിഹാരമായി 20000 രൂപയും കേസിന്റെ ചിലവിനായി 5000 രൂപയും നൽകണമെന്നുമാണ് കമ്മീഷന്റെ ഉത്തരവിൽ പറയുന്നത്. പരാതിക്കാരൻ വിവരാവകാശ നിയമപ്രകാരം ചോദ്യമുന്നയിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്നാണ് തനിക്ക് നേരിട്ട മാനസിക ബുദ്ധിമുട്ടിനും സേവനത്തിലെ വീഴ്ചയ്ക്കും നഷ്ടപരിഹാരമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.









0 comments