പാകിസ്ഥാന് വിവരം ചോർത്തി നൽകി; പഞ്ചാബിൽ രണ്ട് പേർ പിടിയിൽ

ചണ്ഡീഗഡ്: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായി നിർണായക സൈനിക വിവരങ്ങൾ പങ്കുവെച്ച രണ്ട് പേർ അറസ്റ്റിൽ. പഞ്ചാബിലെ ഗുർദാസ്പൂരിൽ രണ്ട് പേർ പിടിയിലായ വിവരം പഞ്ചാബ് പൊലീസാണ് അറിയിച്ചത്. സുഖ്പ്രീത് സിംഗ്, കരൺബീർ സിംഗ് എന്നിവരാണ് പിടിയിലായതെന്ന് പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് എക്സിൽ കുറിച്ചു.
മെയ് 15ന് ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ, പഞ്ചാബ്, ഹിമാചൽപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ സൈനിക നീക്കങ്ങൾ, തന്ത്രപ്രധാന സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെ ഐഎസ്എക്ക് ഇവർ കൈമാറി. പിടിയിലായവർ പാക് ഇന്റലിജൻസുമായി വിവരം പങ്കിട്ടുവെന്ന് വിശ്വസനീയമായ ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നുവെന്നും ഗൗരവ് യാദവ് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
പഞ്ചാബ് പൊലീസ് രണ്ട് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധന നടത്തിയതിലൂടെ ഇന്റലിജൻസ് വിവരങ്ങൾ സ്ഥിരീകരിച്ചു. ഇവരിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും എട്ട് വെടിത്തിരകളും (.30 ബോർ) പോലീസ് സംഘം കണ്ടെടുത്തു.
പ്രതികൾക്ക് ഐഎസ്‌ഐ കൈകാര്യം ചെയ്യുന്നവരുമായി നേരിട്ട് ബന്ധമുണ്ടെന്നും ഇന്ത്യൻ സായുധ സേനയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇവർ കൈമാറിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതായും ഗൗരവ് യാദവ് പറഞ്ഞു. ഗുർദാസ്പൂരിലെ ഡോറംഗല പോലീസ് സ്റ്റേഷനിൽ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.








0 comments