മണിപ്പൂരിൽ നാഗവിഭാഗത്തിന് നേരെയും ആക്രമണം; വിരമിച്ച സൈനികനുൾപ്പെടെ രണ്ട് മരണം

file photo courtesy Manipur police X
ഇംഫാൽ: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സര്‍ക്കാരിനെ വാഴിച്ചിട്ടും സമാധാനാന്തരീക്ഷം തിരിച്ചു പിടിക്കാനാവാതെ തുടരുന്നു. ഇടക്കാലത്ത് ഇരുവിഭാഗങ്ങളും പാലിച്ച സംയമനം അടുത്ത ദിവസങ്ങളിലുണ്ടായ ആക്രണങ്ങൾക്ക് പിന്നാലെ കൈവിട്ടു. മെയ്തെ കുക്കി വിഭാഗങ്ങൾ ഏറ്റുമുട്ടൽ തുടരുന്നതിനിടെ നാഗ വിഭാഗങ്ങളെ കൂടി സംഘര്‍ഷത്തിലേക്ക് എത്തിക്കും വിധമാണ് ആക്രമണങ്ങൾ ആവര്‍ത്തിക്കുന്നത്.
ഉഖ്രുൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ വിരമിച്ച സൈനികനുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഉക്രുലിലെ ടി എം കാസോം ഗ്രാമത്തിന് സമീപമാണ് സംഭവം. ഇംഫാലിൽ നിന്ന് ഉക്രുലിലേക്ക് വരികയായിരുന്ന സിവിലിയൻ വാഹനവ്യൂഹത്തിന് നേരെ സായുധ സംഘം വെടിയുതിർക്കുകയായിരുന്നു.
സമാധാന ചർച്ചകൾക്കായി മുഖ്യമന്ത്രി വൈ ഖേംചന്ദ് സിംഗ് ഉക്രുൽ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം നടന്നത്. മ്യാൻമാറിന് ചേര്‍ന്നുള്ള പര്‍വ്വത മേഖലയിലാണ് ഉക്രുൽ ജില്ല. ആക്രണത്തിന് പിന്നിൽ കുക്കി സായുധ ഗ്രൂപ്പുകളാണെന്ന് തങ്ഖുൽ നാഗാ ലോങ് സംഘടന ആരോപിച്ചു. എന്നാൽ ഈ ആരോപണം കുക്കി സോ കൗൺസിൽ നിഷേധിച്ചു.
ലിറ്റാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹൈവേയിൽ വെച്ചാണ് വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. നാഗാ റെജിമെന്റിൽ നിന്ന് വിരമിച്ച സൈനികനായ ചൈനോഷാങ് ഷോക്വാങ്നാവു നാഗകൾ താമസിക്കുന്ന ഖരാസോം സി വി ഗ്രാമത്തിലെ യാരുയിംഗം വാഷു എന്നിവരാണ് മരിച്ചത്.
കാറിന്റെ മുൻസീറ്റിലിരുന്ന ചൈനോഷാങ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ വാഷും പിന്നീട് ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. ഉക്രുൽ മേഖലയിൽ നാഗ വിഭാഗത്തിന് നേരെയുണ്ടാവുന്ന നേരിട്ടുള്ള രണ്ടാമത്തെ ആക്രമണമാണ്.
2023 മെയ് മാസത്തിലാണ് മണിപ്പൂരിൽ കലാപം പൊട്ടിപുറപ്പെട്ടത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 250-ലേറെ പേർ കൊല്ലപ്പെട്ടു. 60,000-ത്തിലധികം ആളുകൾ സ്വന്തം വീടുകൾ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. 35 ലക്ഷം മാത്രം ജനസംഖ്യയുള്ള സംസ്ഥാനമാണ്.
2025 ഫെബ്രുവരി 13-ന് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം ഏകദേശം ഒരു വർഷത്തിന് ശേഷം 2026 ഫെബ്രുവരി 4-ന് പിൻവലിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിനും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പുനഃസ്ഥാപിക്കുന്നതിനുമായാണ് കേന്ദ്ര സർക്കാർ ഈ തീരുമാനമെടുത്തത്. എന്നാൽ സംഘര്‍ഷം കൂടുതൽ രൂക്ഷമാവുകയും ഇതര വിഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കയും ചെയ്യുന്ന സാഹചര്യമാണ്.










0 comments