മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് വിജയ് സർക്കാർ: കേരളത്തിന് വിമർശനം

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള സർക്കാരിനെ ശക്തമായി വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അത്തരം ശ്രമങ്ങളെ തമിഴ്‌നാട് സർക്കാർ തടയുമെന്നും വിജയ് വ്യക്തമാക്കി. തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് കേരളത്തിനെതിരെയുള്ള ഈ വിമർശനം.
തെക്കൻ തമിഴ്‌നാട്ടിലെ ജനങ്ങളുടെ ജീവനാഡിയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. അണക്കെട്ട് കൂടുതൽ ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് 152 അടിയായി ഉയർത്താമെന്ന് 2014-ൽ സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളതാണ്. എന്നാൽ, ഇതിനാവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ കേരള സർക്കാർ അനുമതി നിഷേധിക്കുകയാണെന്ന് തമിഴ്‌നാട് കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ, അണക്കെട്ട് പ്രദേശത്ത് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താനും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്താനുമുള്ള ശക്തമായ നടപടികളുമായി തമിഴ്‌നാട് സർക്കാർ മുന്നോട്ട് പോകും. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുമെന്ന നിലപാടിലാണ് കേരള സർക്കാർ. ആ നീക്കങ്ങൾ തടയുമെന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞു.
സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത് ആലപിച്ചുകൊണ്ടാണ് നിയമസഭാ സമ്മേളനം തുടങ്ങിയത്. പിന്നാലെ ദേശിയഗാനവും ആലപിച്ചു. വന്ദേമാതരം നിയമസഭയിൽ ആലപിച്ചില്ല. ഇനി മുതൽ സഭാ സമ്മേളനങ്ങൾ ആരംഭിക്കുന്നത് സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്തോട് കൂടിയായിരിക്കും. സമ്മേളനത്തിന്റെ സമാപനത്തിൽ മാത്രമായിരിക്കും ദേശീയ ഗാനം ആലപിക്കുക. ഇതുസംബന്ധിച്ച ചട്ട ഭേദഗതി പ്രമേയം സ്പീക്കർ എം അപ്പാവു സഭയിൽ അവതരിപ്പിച്ചു. സഭയിലെ എല്ലാ ഔദ്യോഗിക ചടങ്ങുകളിലും ഈ നിയമം കർശനമായി പാലിക്കണമെന്ന് സ്പീക്കർ വ്യക്തമാക്കി.
നേരത്തെ, സഭയുടെ തുടക്കത്തിൽ ദേശീയ ഗാനവും സമാപനത്തിൽ സംസ്ഥാന ഗാനവുമായിരുന്നു ആലപിച്ചിരുന്നത്. ഈ കീഴ്‌വഴക്കത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. നടനും തമിഴക വെട്രി കഴകം (ടി വി കെ) നേതാവുമായ വിജയ്‌യുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സഭയുടെ പരമാധികാരം വ്യക്തമാക്കുന്ന ഈ പുതിയ നീക്കം.










0 comments