കർണാടകയിൽ വകുപ്പ് വീതം വെക്കൽ തര്‍ക്കം തീരുന്നില്ല, കോൺഗ്രസ് മന്ത്രിമാര്‍ വീണ്ടും ഡൽഹിയിലേക്ക്

ബെംഗളൂരു: നഗര വികസന മന്ത്രി രാമലിംഗ റെഡ്ഡിയുടെ രാജി വിവാദം പരിഹരിച്ചതായി മുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം കർണാടക സർക്കാരിൽ വീണ്ടും പൊട്ടിത്തെറി. വകുപ്പ് വിഭജനത്തിൽ അതൃപ്തിയുമായി മന്ത്രി കൃഷ്ണ ബൈരെ ഗൗഡയും, മന്ത്രിസഭയിൽ ഇടം ഉറപ്പാക്കാൻ എംഎൽഎ റിസ്‌വാൻ അർഷാദും ഡൽഹിയിലെത്തി.
രാമലിംഗ റെഡ്ഡിയുടെ കസേര മറിച്ചിട്ട് ബെംഗളൂരു വികസന മന്ത്രിയായി ചുമതലയേറ്റെങ്കിലും കൃഷ്ണ ബൈരെ ഗൗഡ ഇതുവരെ ഓഫീസ് ചുമതലകൾ ഏറ്റെടുത്തിട്ടില്ല. ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി, ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി എന്നീ നിർണായക ഏജൻസികൾ കൂടി തന്റെ വകുപ്പിന് കീഴിലാക്കണം എന്നാണ് ആവശ്യം. ഈ ഏജൻസികളുടെ നിയന്ത്രണമില്ലാതെ ബെംഗളൂരു വികസന വകുപ്പിൽ പൂര്‍ണ്ണ നിയന്ത്രണം കൈയിലാവുകയില്ല എന്ന് കണ്ടെത്തിയാണ് നീക്കം.
ശിവാജിനഗർ എംഎൽഎയായ റിസ്‌വാൻ അർഷാദ് മന്ത്രി സ്ഥാനത്തിനായി ഡൽഹിയിൽ ക്യാമ്പ് ചെയ്ത് നീക്കങ്ങൾ തുടരുകയാണ്. രാമലിംഗ റെഡ്ഡി ഇതേ വകുപ്പിനെച്ചൊല്ലി രാജി ഭീഷണി മുഴക്കിയപ്പോൾ മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തിയാണ് അദ്ദേഹത്തെ അനുനയിപ്പിച്ചത്. പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് പുതിയ അധികാരങ്ങൾ ഉറപ്പാക്കുകയാണ്.
ഓരോ നേതാക്കളെയും തൃപ്തിപ്പെടുത്താനായി വകുപ്പുകൾ വിഭജിച്ചു നൽകുമ്പോൾ അത് ഭരണത്തെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. കർണാടകയിലെ ഈ ആഭ്യന്തര തർക്കങ്ങളിൽ ഹൈക്കമാൻഡ് തന്നെയും അസ്വസ്ഥരായിരിക്കയാണ്.









0 comments