Deshabhimani

മൂന്ന് പേരെ കൊന്ന് കുഴിച്ചുമൂടി ദമ്പതികൾ; വേർപിരിയലിലൂടെ ചുരുളഴിഞ്ഞ് കൊലപാതകങ്ങൾ

murder
വെബ് ഡെസ്ക്

Published on Oct 01, 2026, 04:07 PM | 2 min read

സൂറത്ത്: സ്വന്തം കുടുംബത്തിലെ രോഗികളായ മൂന്ന് അംഗങ്ങളെ കൊലപ്പെടുത്തി കുഴിച്ചുമൂടി ഭാര്യയും ഭർത്താവും. ​ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 2021 മുതൽ നടന്ന കൊലപാതകമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേസിൽ മാധവ്‌ദാസ് സാധു, ഇയാളുടെ ഭാര്യ ഉർമിള (ജയ) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയേയും മുത്തശ്ശിയേയും സഹോദരിയേയുമാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്.


2022ൽ കോസംബയിൽ ശാന്ത വാസവ എന്ന വയോധികയെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടിയെന്നും, ഇതിനു പിന്നിൽ അവരുടെ പേരക്കുട്ടി ഉർമിളയും ഉർമിളയുടെ ബന്ധുവായ യുവാവുമാണെന്ന് കാണിച്ച് അഹമ്മദാബാദ് സിറ്റി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് ഒരു രഹസ്യവിവരം ലഭിച്ചതാണ് സംഭവങ്ങളുടെ തുടക്കം.


ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയും ഉർമിളയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾക്ക് കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്ന് വ്യക്തമായി. ഇതോടെ വിവരം നൽകിയ മാധവ്‌ദാസ് ഭക്തിറാം സാധുവിനെക്കുറിച്ച് പൊലീസിന് സംശയം തോന്നി. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഡിസിപി അജിത് രാജിയാന്റെ നേതൃത്വത്തിൽ അന്വേഷണം മാധവ്‌ദാസിലേക്ക് തിരിച്ചു.


മാധവ്‌ദാസിനെ ചോദ്യം ചെയ്തതോടെ അയാളുടെ മൊഴികളിൽ വൈരുധ്യങ്ങൾ കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിൽ അയാൾ സത്യം തുറന്നുപറഞ്ഞു. ശാന്ത വാസവയെ കൊലപ്പെടുത്തിയത് താനും ഭാര്യ ഉർമിളയും ചേർന്നാണെന്ന് അയാൾ സമ്മതിച്ചു. ഭാര്യയോടുള്ള വൈരാഗ്യം കാരണം അവളെയും ബന്ധുവിനെയും കേസിൽ കുടുക്കി താൻ രക്ഷപ്പെടാനാണ് മാധവ്‌ദാസ് പൊലീസിന് വ്യാജ വിവരം നൽകിയത്.


ഊർമിളയുടെ മുത്തശ്ശി ശാന്താബെൻ വാസവയെ 2022 ഒക്ടോബർ 7നാണ് കൊലപ്പെടുത്തിയത്. ഉറക്കത്തിൽ ഇവരെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ഡ്രമ്മിൽ വച്ച് കോൺക്രീറ്റ് നിറച്ച് വീട്ടിനുള്ളിൽ വച്ചു. മാസങ്ങൾക്ക് ശേഷം വീടിന്റെ വരാന്തയിൽ കുഴിയെടുത്ത് ഈ ഡ്രം കുഴിച്ച് മൂടി. ഭാര്യയുടെ ബന്ധുക്കളോട് ശാന്താബെൻ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് പറഞ്ഞിരുന്നത്.


ഇതേരീതിയിൽ 2021 മാധവ്ദാസിന്റെ കിടപ്പിലായ അമ്മ മഞ്ജുളാ ബെൻ സാധുവിനെ ദമ്പതികൾ കൊലപ്പെടുത്തിയിരുന്നു. 2022ൽ മാധവ്ദാസിന്റെ സഹോദരന്റെ ഭാര്യയേയും ടി ബി ബാധിച്ചതോടെ ദമ്പതികൾ കൊലപ്പെടുത്തുകയായിരുന്നു.


മാധവ്‌ദാസും ഉർമിളയും കഴിഞ്ഞ 8 മാസമായി പിരിഞ്ഞു ജീവിക്കുകയായിരുന്നു. ഉർമിള മകനെയും കൂട്ടി, വീട്ടിലുണ്ടായിരുന്ന പണവും സ്വർണാഭരണങ്ങളുമായി മാധവ്‌ദാസിനെ ഉപേക്ഷിച്ചു പോയി. ഇതിന്റെ പക വീട്ടാനാണ് ഭാര്യയെയും ബന്ധുവിനെയും കൊലപാതക കേസിൽ കുടുക്കാൻ മാധവ്‌ദാസ് ഈ പദ്ധതി തയാറാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home