ബാര്‍ കൗൺസിലുകളിലെ അംഗസംഖ്യ വര്‍ധിപ്പിക്കൽ;തീരുമാനം സര്‍ക്കാരിന് വിട്ട് സുപ്രീം കോടതി

ന്യൂഡൽഹി:ബാര്‍കൗൺസിലുകളുടെ പരമാവധി അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരെന്ന് സുപ്രീം കോടതി. സ്റ്റേറ്റ് ബാര്‍ കൗൺസിലുകളിലെ അംഗ സംഖ്യ 25 എന്ന് നിജപ്പെടുത്തിയത് വര്‍ധിപ്പിക്കണം എന്ന ആവശ്യത്തിലാണ് പ്രതികരണം. ഹര്‍ജി പരിഗണിക്കാൻ കോടതി കേന്ദ്ര അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയോട് നിര്‍ദ്ദേശിച്ചു.
ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരാണ് കേസ് കേട്ടത്. 1961-ലെ അഡ്വക്കേറ്റ്സ് ആക്ട് (Advocates Act, 1961) സെക്ഷൻ 3(2)(b) അനുസരിച്ചാണ് അംഗങ്ങളുടെ എണ്ണം നിയന്ത്രിച്ചിരിക്കുന്നത്. എന്നാൽ 1961 ന് ശേഷം അഭിഭാഷകരുടെ എണ്ണത്തിൽ വൻ വര്‍ധ ഉണ്ടായിട്ടുണ്ട്. ഡൽഹി ബാര്‍ കൗൺസിലിൽ മാത്രം രണ്ട് ലക്ഷത്തോളം പേരുണ്ട്. 30 ശതമാനം വനിതാ സംവരണവും അനുവദിച്ചിട്ടുണ്ട്. ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ രോഹിത് പാണ്ഡെയാണ് കോടതിയെ സമീപിച്ചത്.
കൗൺസിലുകളുടെ അംഗസംഖ്യ ഉയര്‍ത്തുന്നത് ഒരു നയപരമായ തീരുമാനത്തിന്റെ പരിധിയിൽ വരുന്നതാണ്. ഇതിൽ കോടതിക്ക് പരിമിതിയുണ്ട് എന്ന് ജസ്റ്റീസ് ബാഗ്ചി വ്യക്തമാക്കി. ബാർ കൗൺസിലിലെ സീറ്റുകളുടെ എണ്ണം കൂട്ടാൻ അഡ്വക്കേറ്റ്സ് ആക്ടിൽ ഭേദഗതി വരുത്തണം. ഇക്കാര്യം എജിക്ക് വിട്ടു. എങ്കിലും സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം കേസിൽ നിലപാട് എടുക്കാം എന്നാണ് കോടതി പ്രതികരിച്ചത്.








0 comments