എസ്എഫ്ഐക്ക് നേരെയുള്ള ആക്രമണം സർക്കാരിന്റെ ഭരണപരാജയത്തിന്റെ ജാള്യത മറയ്ക്കാൻ: പിണറായി വിജയൻ

തിരുവനന്തപുരം: എസ്എഫ്ഐയും യൂണിവേഴ്സിറ്റി ഹോസ്റ്റലും ലക്ഷമിട്ട് കോൺഗ്രസ് നടത്തിയ ആക്രമണങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭരണപരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനും ആർഎസ്എസിനെ സുഖിപ്പിക്കാനുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും സംഘപരിവാറിനുമെതിരെ എന്ന വ്യാജേനയാണ് ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തിയത്. എന്നാൽ അവരുടെ യഥാർഥ ലക്ഷ്യം അതായിരുന്നില്ല. വിദ്യാർഥികൾക്ക് നേരെയുണ്ടയത് ആസൂത്രിത ആക്രമണമാണെന്നും പിണറായി വിജയൻ പ്രസ്താവനയിൽ അറിയിച്ചു.
എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ നടന്ന യൂത്ത് കോൺഗ്രസ് അക്രമത്തിനും പൊലീസിന്റെ ക്രൂരതയ്ക്കും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറയണം. കേരളത്തിലെ ക്യാമ്പസുകളിൽ വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അക്രമത്തിന് നേതൃത്വം നൽകിയ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകണം. കന്റോൺമെന്റ് സി ഐ, എസ് ഐ. എന്നിവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ കൈക്കൊള്ളണം. പൊലീസിനെയും സഹായികളായി യൂത്ത് കോൺഗ്രസ് ഗുണ്ടകളെയും ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ അടിച്ചമർത്താനാണ് ഉദ്ദേശ്യമെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും പിണറായി വിജയൻ കുറിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂണരൂപം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും സംഘപരിവാറിനുമെതിരെ എന്ന വ്യാജേന ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് നടത്തിയ പന്തംകൊളുത്തി പ്രകടനത്തിന്റെ യഥാർത്ഥ ലക്ഷ്യം യൂണിവേഴ്സിറ്റി ഹോസ്റ്റലും എസ്എഫ്ഐയുമായിരുന്നു. ആർഎസ്എസിനെ സുഖിപ്പിക്കാനും സംസ്ഥാന സർക്കാരിന്റെ ഭരണപരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനും വേണ്ടി അരങ്ങേറിയ ആസൂത്രിത അക്രമമാണിത്.
കേന്ദ്ര സർക്കാരിനെതിരെയോ സംഘപരിവാറിനെതിരെയോ ഒരക്ഷരം മിണ്ടില്ലെന്ന കടുത്ത വാശിയിലാണ് കേരളത്തിലെ യുഡിഎഫ് സർക്കാരും മുഖ്യമന്ത്രിയും.
അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ നവമാധ്യമങ്ങളിൽ പങ്കുവെച്ച കായിക മന്ത്രിയുടെ പോസ്റ്റ് മുഖ്യമന്ത്രി തന്നെ ഇടപെട്ട് പിൻവലിപ്പിച്ചതിൻ്റെ ജാള്യത മറയ്ക്കാനാണ് ഇന്നലത്തെ യൂത്ത് കോൺഗ്രസ് സമര പ്രഹസനം അരങ്ങേറിയത്. ഡിസിസി ഓഫീസ് ആക്രമിക്കപ്പെട്ടിട്ടും സ്വന്തം മന്ത്രിമാരെ വഴിയിൽ തടഞ്ഞിട്ടും സംഘപരിവാറിനെതിരെ പ്രതികരിക്കാൻ എംപിയോ മറ്റ് ജനപ്രതിനിധികളോ യൂത്ത് കോൺഗ്രസുകാരോ തിരിഞ്ഞ് പോലും നോക്കിയില്ല. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളായിരുന്നു അവരുടെ ലക്ഷ്യം എന്ന് ഇത് തെളിയിക്കുന്നു.
സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി, ആശുപത്രികളിലെ മരുന്ന് ക്ഷാമം, സ്പോൺസർഷിപ്പ് യാത്രകളിലെ ദുരൂഹതകൾ, വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം, മുടങ്ങിയ പ്രളയദുരിതാശ്വാസം തുടങ്ങിയ ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്ക് മുൻപിൽ സർക്കാരിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട തിരിച്ചടി ഇതിനുപുറമെയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമസ്ത മേഖലകളിലും സമ്പൂർണ്ണ പരാജയമായി മാറിയ സർക്കാർ ഇതിൽ നിന്നെല്ലാം ജനശ്രദ്ധ തിരിക്കാനാണ് പാർട്ടി ഗുണ്ടകളെ ഇറക്കി ബോധപൂർവ്വം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അക്രമം അഴിച്ചുവിട്ടത്.
യൂത്ത് കോൺഗ്രസ്സ് പ്രകടനം ആരംഭിക്കുന്ന വേളയിലാണ് പ്രദേശത്ത് കറന്റുപോവുന്നത്. സംസ്ഥാനത്ത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്ന വൈദ്യുതി നിയന്ത്രണത്തിനെതിരെയായിരുന്നു യൂണിവേഴ്സിറ്റി ഹോസ്റ്റൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. കറന്റു പോവുമ്പോൾ പ്രതിഷേധിക്കുന്നവരെ കായികമായി നേരിട്ടുകളയും എന്നാണോ യൂത്ത് കോൺഗ്രസ്സിന്റെ നിലപാട്? എങ്കിൽ പത്ത് വർഷമായി ജനങ്ങൾക്ക് ശീലമില്ലായിരുന്ന പവർ കട്ട് തിരിച്ച് കൊണ്ട് വന്നതിനെതിരെ പ്രതികരിക്കുന്ന കേരള ജനതയോടുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും എസ്ഐആർ പ്രക്രിയക്കുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന പോരാട്ടങ്ങളുടെ മുൻനിരയിലാണ് എസ്എഫ്ഐ ഉള്ളത്. കമ്മീഷനെതിരായ പ്രതിഷേധം വഴിയിൽ ഉപേക്ഷിച്ച് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അക്രമണം നടത്തിയത് വഴി സംഘപരിവാറിനെ ഒരു തരത്തിലും പ്രകോപിപ്പിക്കലല്ല, പ്രീതിപ്പെടുത്തലാണ് യുഡിഎഫ് അജണ്ട എന്ന് തെളിയിക്കുകയാണ്. ഗ്യാനേഷ് കുമാറിനെതിരായ സമരമായിരുന്നു ലക്ഷ്യമെങ്കിൽ യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് തീപ്പന്തങ്ങൾ വലിച്ചെറിയേണ്ട ആവശ്യമെന്താണ്? വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിക്കുകയും പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലൻസ് പോലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മനുഷ്യത്വമില്ലാതെ തടഞ്ഞുവെച്ചു.
ഏറ്റവും അപലപനീയമായത് കേരള പോലീസിന്റെ പക്ഷപാതിത്വവും നരനായാട്ടുമാണ്. പാളയത്ത് യൂത്ത് കോൺഗ്രസ്സ് അഴിഞ്ഞാടുന്നതിന്റെ തൊട്ടുമുൻപാണ് തൊട്ടടുത്തുള്ള ബേക്കറി ജംഗ്ഷനിൽ സ്വന്തം കാബിനറ്റിലെ ഒരു മന്ത്രിയെ യുവമോർച്ചക്കാർ തടഞ്ഞത്. മന്ത്രിക്ക് കാൽനടയായി പോകേണ്ടി വന്നിട്ടും കാഴ്ചക്കാരായി നോക്കിനിന്ന പോലീസാണ് ഹോസ്റ്റലിന് അകത്ത് കയറി വിദ്യാർത്ഥികളെ ക്രൂരമായി വേട്ടയാടിയത്. തർക്കപരിഹാരത്തിനെന്ന പേരിൽ ഹോസ്റ്റലിൽ പ്രവേശിച്ച പോലീസ് യാതൊരു പ്രകോപനവുമില്ലാതെയാണ് വിദ്യാർത്ഥികളെ തല്ലിച്ചതച്ചത്. പോലീസ് അഭ്യർത്ഥന പ്രകാരം പ്രശ്നത്തിൽ ഇടപെട്ട എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെപ്പോലും അതിക്രൂരമായി മർദ്ദിക്കുന്ന നിലയാണ് ഉണ്ടായത്.
എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ നടന്ന യൂത്ത് കോൺഗ്രസ് അക്രമത്തിനും പോലീസിന്റെ ക്രൂരതയ്ക്കും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറഞ്ഞേ തീരൂ. കേരളത്തിലെ ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അക്രമത്തിന് നേതൃത്വം നൽകിയ പോലീസുകാർക്കെതിരെ വിശിഷ്യാ കന്റോൺമെന്റ് സി.ഐ, എസ്.ഐ. എന്നിവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ കൈക്കൊള്ളണം. പോലീസിനെയും സഹായികളായി യൂത്ത് കോൺഗ്രസ് ഗുണ്ടകളെയും കയറൂരി വിട്ട് എതിർ ശബ്ദങ്ങളെ അടിച്ചമർത്താനാണ് ഉദ്ദേശ്യമെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരും.








0 comments