യുപിഐ മുതൽ റിപ്പോ നിരക്ക് വരെ; പുതിയ മാസത്തെ സാമ്പത്തിക മാറ്റങ്ങൾ

മുംബൈ : പുതിയ മാസം തുടങ്ങുമ്പോൾ സാമ്പത്തിക രംഗത്ത് നിർണായകമായ ചില മാറ്റങ്ങൾ നിലവിൽ വരികയാണ്. യുപിഐ ഇടപാടുകൾ, എൻപിഎസ്, നികുതി ഓഡിറ്റ്, റിസർവ് ബാങ്കിന്റെ റിപ്പോ നിരക്ക് തീരുമാനം തുടങ്ങി നിരവധി മാറ്റങ്ങളാണ് ഈ മാസം പ്രതീക്ഷിക്കുന്നത്. സാധാരണക്കാരെയും നികുതിദായകരെയും നിക്ഷേപകരെയും ഒരുപോലെ ബാധിച്ചേക്കാവുന്ന ഈ മാസം ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങൾ ഇവയാണ്.
യുപിഐ ഇടപാടുകൾക്ക് എംഡിആർ
ഒക്ടോബർ 15 മുതൽ നിർദിഷ്ട യുപിഐ പണമിടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) നിലവിൽ വരും. 2,000 രൂപയ്ക്ക് മുകളിലുള്ള നിർദിഷ്ട യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിലായിരിക്കും വ്യാപാരികളിൽ നിന്ന് എംഡിആർ ഈടാക്കുന്നത്. 75,000 രൂപയോ അതിന് മുകളിലോ ഉള്ള ഇടപാടുകൾക്ക് പരമാവധി 300 രൂപയായിരിക്കും ചാർജ്. എംഡിആർ ഉപഭോക്താക്കളിൽനിന്ന് ഈടാക്കില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നതെങ്കിലും, വ്യാപാരികൾ ഈ നിരക്ക് ഉപഭോക്താക്കളിലേക്ക് കൈമാറിയാൽ യുപിഐ ഇടപാടുകൾക്ക് ഭാവിയിൽ ചെലവേറും.
എൻപിഎസ് ചാർജിലും മാറ്റം
ഈ മാസത്തെ സാമ്പത്തിക നയങ്ങൾ സാരമായി ബാധിക്കുന്നത് എൻപിഎസ് വരിക്കാരെയാണ്. നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) വരിക്കാർക്കുള്ള പോയിന്റ് ഓഫ് പ്രസൻസ് (പിഒപി) ചാർജ് ഘടനയിലാണ് മാറ്റം വരുന്നത്. ഒക്ടോബർ 1 മുതൽ വിരമിക്കലിന് ശേഷം പുതിയതായി തുറക്കുന്ന ഓരോ അക്കൗണ്ടിനും 200 രൂപ ഒറ്റത്തവണ ചാർജ് ആയി ഈടാക്കും. നിഷ്ക്രിയ വിഭാഗത്തിൽപ്പെടാത്ത നിക്ഷേപത്തിന് 0.20 ശതമാനം വാർഷിക ചാർജും ഉണ്ടായിരിക്കും.
റിപ്പോ നിരക്ക് എന്താകും?
റിസർവ് ബാങ്കിന്റെ പണനയ സമിതി (എംപിസി) ഒക്ടോബർ 5 മുതൽ 7 വരെ യോഗം ചേരും. റിപ്പോ നിരക്കിൽ മാറ്റമുണ്ടാകുമോ, നിലവിലെ നിരക്ക് തുടരുമോ എന്ന കാര്യത്തിൽ വ്യക്തതവരും. നിലവിലെ സാഹചര്യത്തിൽ ആർബിഐ റിപ്പോ നിരക്ക് ഉയർത്താനാണ് സാധ്യത. ആഗസ്റ്റിലെ പണനയ അവലോകന യോഗത്തിന് ശേഷം റിപ്പോ നിരക്ക് തുടർച്ചയായ നാലാം തവണയും 5.25 ആയി നിലനിർത്തിയിരുന്നു.
നികുതി ഓഡിറ്റിന് കൂടുതൽ സമയം
നികുതി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള നികുതി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30ൽ നിന്ന് ഒക്ടോബർ 21ലേക്കാണ് നീട്ടിയത്. ഫയലിംഗ് രീതികളിലെ മാറ്റങ്ങളും സാങ്കേതിക പ്രശ്നങ്ങളും പോർട്ടലുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും യുഡിഐഎൻ ജനറേറ്റ് ചെയ്യുന്നതിലെ പ്രശ്നങ്ങളുമാണ് സമയപരിധി നീട്ടാൻ കാരണം. നികുതി ഓഡിറ്റിന് വിധേയരായവർക്ക് ഐടിആർ സമർപ്പിക്കാനുള്ള അവസാന തിയതിയും നീട്ടിയിട്ടുണ്ട്. ഒക്ടോബർ 31 ആയിരുന്ന അവസാന തിയതി നവംബർ 21 വരേക്കാണ് നീട്ടിയത്.









0 comments