print edition പട്ടിണി, പകർച്ചവ്യാധി; മധ്യപ്രദേശിൽ രണ്ടാഴ്‌ചയ്‌ക്കിടെ 19 ആദിവാസി കുട്ടികൾ മരിച്ചു

എ ഐ നിർമിത ചിത്രം
ഭോപാൽ: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ രണ്ടാഴ്‌ചയ്‌ക്കിടെ പട്ടിണിയും പകർച്ചവ്യാധികളുംമൂലം മരിച്ചത് ആദിവാസി വിഭാഗത്തിലെ 19 കുട്ടികൾ. ബൈഗ, ഗോണ്ട് ഗോത്രങ്ങളിൽപെട്ടവരാണ് പോഷകാഹാരക്കുറവും മാരക പകർച്ചവ്യാധികളും മൂലം മരിച്ചത്.
ബൈഗ ഗോത്രത്തെ ആദിമഗോത്രങ്ങളുടെ പട്ടികയിൽപെടുത്തി കേന്ദ്രസർക്കാർ പ്രത്യേക സംരക്ഷണ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ആറുമാസമായി മേഖലയിൽ റേഷൻ വിതരണം ചെയ്‌തിട്ടില്ലെന്ന് സിപിഐ എം മധ്യപ്രദേശ് സംസ്ഥാന സെക്രട്ടറി ജസ്‌വീന്ദർ സിങ് പറഞ്ഞു.
മലേറിയ വ്യാപനഭീതിയുള്ള മേഖലയിൽ അഞ്ചുവർഷമായി കൊതുകുവല വിതരണം ചെയ്‌തിട്ടില്ല. പട്ടിണിമരണത്തിന് ഉത്തരവാദി സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരാണെന്നും ജസ്‌വീന്ദർ സിങ് പറഞ്ഞു.
ഗോത്രമേഖലയിലെ 236 കുട്ടികൾ മലേറിയ ബാധിതരാണ്. 116 പേർക്ക് അതിസാരമുണ്ട്. നൂറിലേറെ പേർ കടുത്ത പനിബാധിതരാണ്. ഇവർക്ക് കൃത്യമായി ഭക്ഷണമോ മരുന്നോ ശുദ്ധജലമോ എത്തിച്ചുനൽകാൻ സർക്കാർ തയ്യാറായിട്ടില്ല.
ഔദ്യോഗിക കണക്ക് പ്രകാരം, ബാലാഘട്ട് ജില്ലയിലെ 36 ശതമാനം കുട്ടികളും കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. 33 ശതമാനത്തിനും ഭാരക്കുറവുണ്ട്. ആദിവാസി വികസനത്തെക്കുറിച്ചുള്ള ബിജെപിയുടെ അവകാശവാദങ്ങളുടെ പൊള്ളത്തരമാണ് ഈ വസ്‌തുതകൾ തുറന്നുകാട്ടുന്നത്. മരിച്ച കുട്ടികളുടെ കുടുംബത്തിന് അടിയന്തരമായി 10 ലക്ഷംരൂപ വീതം നഷ്‌ടപരിഹാരം നൽകണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.










0 comments