ബിഹാറിൽ ട്രെയിൻ ട്രോളിയിലേക്ക് ഇടിച്ചുകയറി റെയിൽവേ ജീവനക്കാരൻ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

പട്ന : ബിഹാറിൽ ട്രെയിൻ പരിശോധനയ്ക്കായുള്ള പുഷ് ട്രോളിയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാറിന്റെ കിഴക്കൻ മേഖലയായ കതിഹാറിലാണ് സംഭവം. ഡൽഹിയിൽ നിന്ന് വരികയായിരുന്ന അവധ് അസം എക്സ്പ്രസാണ് ട്രാക്കിൽ പരിശോധന നടത്തുകയായിരുന്ന പുഷ് ട്രോളിയിലേക്ക് ഇടിച്ചുകയറിയത്. പതിവ് പട്രോളിംഗ് ജോലികൾക്കായാണ് ജീവനക്കാർ പുഷ് ട്രോളിയിൽ സഞ്ചരിച്ചിരുന്നത്. നാല് ജീവനക്കാരാണ് ട്രോളിയിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച ട്രോളിയുടെ പിന്നിലേക്ക് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു.
ഒരാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കതിഹാർ റെയിൽവേ ഡിവിഷനോട് ചേർന്നുള്ള പ്രദേശത്താണ് അപകടം നടന്നതെന്ന് വിവരം സ്ഥിരീകരിച്ചുകൊണ്ട് കതിഹാർ എഡിആർഎം മനോജ് കുമാർ സിംഗ് പറഞ്ഞു. കതിഹാറിൽ നിന്ന് ഒരു മെഡിക്കൽ സംഘത്തെ സ്ഥലത്ത് വിന്യസിച്ചുവെന്നും പരിക്കേറ്റവരെല്ലാം ചികിത്സയിലാണെന്നും മനോജ് കുമാർ സിംഗ് പറഞ്ഞു. അപകടത്തെത്തുടർന്ന് ട്രോളിയുടെ ഒരു ഭാഗം ട്രെയിനിന്റെ എഞ്ചിനിൽ കുടുങ്ങി. റെയിൽവേ ട്രോളി ട്രാക്കിൽ നിന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
0 comments