വർഷം പതിനായിരം കോടി ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾ എത്തുന്നതോടെ ഇന്ത്യയുടെ വ്യാപാര കമ്മിയിൽ 5500 കോടി ഡോളറിന്റെ വർധനയുണ്ടാകും
print edition വ്യാപാര കമ്മി കുതിക്കും

എം പ്രശാന്ത്
Published on Feb 07, 2026, 02:54 AM | 1 min read
ന്യൂഡൽഹി
അമേരിക്കയുമായുള്ള സ്വതന്ത്രവ്യാപാര കരാർപ്രകാരം വർഷം പതിനായിരം കോടി ഡോളറിന്റെ (9.1 ലക്ഷം കോടി രൂപ) യുഎസ് ഉൽപ്പന്നങ്ങൾ എത്തുന്നതോടെ ഇന്ത്യയുടെ വ്യാപാരകമ്മിയിൽ ചുരുങ്ങിയത് 5500 കോടി ഡോളറിന്റെ (5.05 ലക്ഷം കോടി രൂപ) വർധനവുണ്ടാകുമെന്ന് വിലയിരുത്തൽ. 2024–25 സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ വ്യാപാര കമ്മി 28283 കോടി ഡോളറായിരുന്നു (25.74 ലക്ഷം കോടി രൂപ). 72024 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്‌തപ്പോൾ കയറ്റുമതി 43742 കോടി ഡോളർ മാത്രമായിരുന്നു. വർഷം ചുരുങ്ങിയത് പതിനായിരം കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യപ്പെടുന്നതോടെ വ്യാപാരകമ്മി 31 ലക്ഷം കോടി രൂപയിലേക്ക് കുതിച്ചുയരും.
വ്യാപാര കമ്മി വർധിക്കുന്നത് മോദി ഭരണത്തിൽ ദുർബലപ്പെട്ട ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ പ്രത്യാഘാതങ്ങൾക്ക് വഴിവെയ്‌ക്കും. രൂപയുടെ വിലയിടിവിന് ആക്കമേറും. വിദേശനാണ്യ ശേഖരം കൂടുതലായി ചുരുങ്ങും. ആഭ്യന്തരവ്യവസായങ്ങൾ തകരുന്നതിനും വലിയ തൊഴിൽനഷ്ടത്തിനും സാധ്യതയേറും. സർക്കാരിന്റെ കടബാധ്യതയും കുതിച്ചുയരും. കാർഷിക മേഖലകൂടി അമേരിക്കയ്‌ക്കായി തുറന്നുകൊടുക്കുന്നതോടെ കുറഞ്ഞ വിലയ്‌ക്ക് യുഎസ് കാർഷികോൽപ്പന്നങ്ങൾ ഒഴുകിയെത്തും. രാജ്യത്തെ അറുപത് ശതമാനത്തോളംപേർ ഉപജീവനത്തിനായി ആശ്രയിക്കുന്ന ആഭ്യന്തര കാർഷിക–ക്ഷീര മേഖലയുടെ തകർച്ചയ്‌ക്കാകും കരാർ വഴിവെയ്‌ക്കുക.
2025ൽ അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാരം 13215 കോടി ഡോളറിന്റേതായിരുന്നു. ഇതിൽ യുഎസിൽ നിന്നുള്ള ഇറക്കുമതി 4562 കോടി ഡോളർ മാത്രമായിരുന്നു. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയാകട്ടെ 8653 കോടി ഡോളറായിരുന്നു. 4091 കോടി ഡോളറിന്റെ (3.73 ലക്ഷം കോടി രൂപ) വ്യാപാരമിച്ചം യുഎസുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്‌ക്ക് 2025ൽ ലഭിച്ചിരുന്നു. ഇന്ത്യ വ്യാപാരമിച്ചം നേടിയിരുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്ന് കൂടിയായിരുന്നു അമേരിക്ക. ഇൗ മേൽകോയ്‌മ കൂടിയാണ് പുതിയ വ്യാപാര കരാറിലൂടെ ഇന്ത്യക്ക് നഷ്ടമാകുന്നത്.










0 comments