ഹിമാചലിൽ വിനോദസഞ്ചാരികളുടെ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു: എട്ട് പേരെ കാണാനില്ല

ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം ആഴത്തിലുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം. രണ്ട് കുട്ടികളും ഡ്രൈവറും ഉൾപ്പെടെ എട്ട് പേരെ കാണാതായി. ചമ്പ ജില്ലയിലെ ബൈരാഗഡ്-സാച്ച് പാസ്-കില്ലർ റൂട്ടിൽ കലാബനും സത്രുണ്ടിക്കും ഇടയിലാണ് അപകടം നടന്നത്. കാണാതായവരിൽ ബംഗളൂരു, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ദമ്പതികളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
അവധിക്കാലം ആഘോഷിക്കാൻ ഡൽഹൗസിയിൽ എത്തിയ ബംഗളൂരു സ്വദേശികളായ കുടുംബം മഞ്ഞുമൂടിയ പർവതങ്ങൾ കാണാനായി വാടകയ്‌ക്കെടുത്ത ടാക്സിയിൽ മറ്റൊരു ടൂറിസ്റ്റ് കുടുംബവും ഒപ്പം ചേരുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇവർ സച്ച് പാസ് വഴി യാത്ര പുറപ്പെട്ടത്. നിശ്ചയിച്ച സമയത്ത് ടാക്സി ഡൽഹൗസിയിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് വാഹന ഉടമ ജിപിഎസ് (GPS) വഴി പരിശോധിച്ചു.
വാഹനം കലാബന് സമീപം ദീർഘനേരം നിശ്ചലമായി കിടക്കുന്നതായി കണ്ടെത്തിയതോടെയാണ് മലയിടുക്കിലേക്ക് മറിഞ്ഞെന്ന സംശയം ഉയർന്നതും പൊലീസിൽ വിവരമറിയിച്ചതും. കാണാതായവർക്കായി പ്രാദേശിക പൊലീസ്, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), പ്രാദേശിക ഭരണകൂടം, പ്രദേശവാസികൾ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
ർവതപ്രദേശത്തെ ദുർഘടമായ ഭൂപ്രകൃതി, മോശം കാലാവസ്ഥ, മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ അഭാവം എന്നിവ രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളും നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.










0 comments